അന്ന് കൊച്ചു സുന്ദരി ഓട്ടോ, ഇന്ന് നെടുമ്പള്ളി വില്ലീസ് ജീപ്പ്; ‘മഹീന്ദ്രയ്ക്കായി വാഹനം നിര്‍മിക്കാമോ’ എന്ന് അരുണിനോട് ആനന്ദ് മഹീന്ദ്ര

July 5, 2020
Anand Mahindra tweet about Jeep Willys Miniature by Arunkumar

സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചേറെയായി. ക്രിയാത്മകതകൊണ്ട് പലരും സോഷ്യല്‍മീഡിയിയല്‍ ശ്രദ്ധിക്കപ്പെടാറുമുണ്ട്. മക്കള്‍ക്ക് കളിക്കാനായി ഒരു കൊച്ചു ‘സുന്ദരി ഓട്ടോറിക്ഷ’ നിര്‍മിച്ച അരുണ്‍കുമാറിനെ സൈബര്‍ലോകം മറക്കാന്‍ ഇടയില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വീണ്ടും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞതും അരുണ്‍കുമാറിന്റെ പുതിയ വാഹനമാണ്. അതും ഒരു വില്ലീസ് ജീപ്പ്.

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം നിര്‍വഹിച്ച ‘ലൂസിഫര്‍’ എന്ന ചിത്രത്തിലെ വാഹനത്തിന്റെ മാതൃകയിലാണ് അരുണ്‍കുമാര്‍ വില്ലീസ് ജീപ്പ് ഒരുക്കിയത്. സിനിമയിലെ കഥാപാത്രങ്ങളെപ്പോലെ തന്നെ പ്രേക്ഷക മനസ്സുകളില്‍ ഇടം നേടിയതാണ് മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തിന്റെ ജീപ്പും. വാഹനത്തിന് KLQ666 എന്ന മ്പറും നല്‍കി അരുണ്‍.

എന്നാല്‍ അരുണ്‍ തയാറാക്കിയ വാഹനം വെറുമൊരു കളിപ്പാട്ടമാണെന്ന് തെറ്റിദ്ധരിക്കേണ്ട. സംഗതി വേറെ ലെവലാണ്. ഐതിഹാസിക വില്ലീസ് ജീപ്പുകളെപോലും വെല്ലും അരുണ്‍ തയാറാക്കിയ ഈ മിനിയേച്ചര്‍ പതിപ്പ്. മാത്രമല്ല ഒരു കുട്ടിക്ക് ഡ്രൈവ് ചെയ്യാനും സാധിക്കും ഈ വാഹനം.

കൊല്ലം ജില്ലയിലെ അഞ്ചല്‍ സ്വദേശിയ അമൃതേഷ് എന്ന പത്ത് വയസ്സുകാരന് വേണ്ടിയാണ് അരുണ്‍കുമാര്‍ നെടുമ്പള്ളി വില്ലീസ് ജീപ്പ് തയാറാക്കിയെടുത്തത്. ഇടുക്കി സ്വദേശിയാണ് അരുണ്‍കുമാര്‍. ജില്ലാ ആശുപത്രിയില്‍ നഴ്‌സ് ആയി ജോലി ചെയ്യുന്ന അരുണ്‍ ഇടവേളകളില്‍ ഇത്തരത്തില്‍ വാഹനങ്ങളുടെ മിനിയേച്ചര്‍ ഒരുക്കുന്നു.

സമൂഹമാധ്യമങ്ങളില്‍ അരുണ്‍കുമാറിന്റെ കുഞ്ഞന്‍ ജീപ്പ് ശ്രദ്ധിക്കപ്പെട്ടതോടെ ആനന്ദ് മഹീന്ദ്രയും അഭിനന്ദനവുമായി എത്തി. ‘വളരെ മനോഹരമായ ഒരു മാതൃകയാണ് ഇത്. വില്‍പനയ്ക്കായി ഇത്തരം കളിപ്പാട്ടങ്ങള്‍ മഹീന്ദ്രയ്ക്ക് വേണ്ടി നിര്‍മ്മിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് അറിയാന്‍ ആഗ്രഹം ഉണ്ട്.’ എന്ന് ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു. എന്തായാലും വാഹനങ്ങളുടെ മിനിയേച്ചര്‍ക്കൊണ്ട് സൈബര്‍ ഹൃദയങ്ങള്‍ കീഴടക്കിക്കഴിഞ്ഞു അരുണ്‍കുമാര്‍.

Story highlights: Anand Mahindra tweet about Jeep Willys Miniature by Arunkumar