ഹൃദയം തൊട്ട കണ്ണീര്; സർഫറാസിന്‍റെ പിതാവിന് ഥാർ സമ്മാനിക്കുമെന്ന് ആനന്ദ് മഹീന്ദ്ര

February 20, 2024

നീണ്ട കാത്തിരിപ്പിനൊടുവിലാണ് സർഫറാസ് ഖാൻ ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇടംപിടിച്ചത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ രണ്ട് ഇന്നിങ്സിലും അർധ സെഞ്ച്വറി നേടിയ സർഫറാസ് ഖാൻ ​രാജ്യന്തര ക്രിക്കറ്റിലേക്കുള്ള വരവ് ​ഗംഭീരമാക്കിയിരുന്നു. എന്നാൽ സർഫറാസിന്റെ അരങ്ങേറ്റ ദിവസം പിതാവ് നൗഷാദ് ഖാനും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ചെറുപ്പം തൊട്ട് സർഫറാസ് ഖാനെ പരിശിലിപ്പിച്ചയാളാണ് നൗഷാദ് ഖാൻ രാജ്കോട്ടിൽ അരങ്ങേറ്റ സമയത്ത് മകനെ കെട്ടിപ്പിടിച്ച് കരഞ്ഞതും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ( Anand Mahindra Gifts Thar to Sarfaraz Khan’s Father )

ഈ സന്തോഷത്തിനൊപ്പം ചേരുകയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. എക്സിൽ പങ്കുവെച്ച കുറിപ്പിൽ സർഫറാസ് ഖാൻറെ പിതാവ് നൗഷാദ് ഖാന് മഹീന്ദ്ര ഥാർ സമ്മാനിക്കുമെന്നാണ് ആനന്ദ് മഹീന്ദ്ര അറിയിച്ചത്. മകന്റെ താൽപര്യത്തെ പിന്തുണച്ചുകൊണ്ട് അവനൊപ്പം നിന്ന ആ പിതാവിന്റെ കഠിനധ്വാനം, ക്ഷമ, ധൈര്യം അത് എക്കാലത്തും മാനിക്കപ്പെടണമെന്നും മഹീന്ദ്ര എക്സിൽ കുറിച്ചു.

‘കഠിനാധ്വാനം, ധൈര്യം, ക്ഷമ. ഒരച്ഛന് മകനെ പ്രചോദിപ്പിക്കുന്നതിന് ഇതിനേക്കാൾ എന്ത് ഗുണമാണ് വേണ്ടത്. പ്രചോദിപ്പിക്കുന്ന പിതാവിന് താർ സമ്മാനിക്കാൻ ആഗ്രഹിക്കുന്നു. നൗഷാദ് ഖാൻ അത് സ്വീകരിക്കുമെങ്കിൽ എനിക്കൊരു ബഹുമതിയായിരിക്കും’ എന്നിങ്ങനെയാണ് ആനന്ദ് മഹീന്ദ്രയുടെ കുറിപ്പ്.

Read Also : പിതാവിന്റെ എതിർപ്പ്, ക്രിക്കറ്റ് കിറ്റ് വാങ്ങാനായി അമ്മയുടെ ആഭരണം വിറ്റു; ഇന്ത്യൻ ടീമിലേക്കുള്ള ധ്രുവ് ജൂറെലിൻ്റെ യാത്ര..!

ആഭ്യന്തര ക്രിക്കറ്റിൽ സ്ഥിരതയാർന്ന പ്രകടനത്തിന് ശേഷവും ദേശീയ ടീമിലേക്ക് വിളി വരാത്തതിൽ താൻ നിരാശനായിരുന്നുവെന്ന് നൗഷാദ് ഖാൻ പറഞ്ഞിരുന്നു. ആ സ്വപ്നം നടക്കില്ലെന്ന് കരുതി. അതിനാലാണ് സർഫറാസ് ഇന്ത്യൻ തൊപ്പിയുമായെത്തിയപ്പോൾ വിതുമ്പിയത്’അദ്ദേഹം പറഞ്ഞു.

എന്നാൽ ഇതാദ്യമല്ല മഹീന്ദ്ര ഒരു കായികതാരത്തിനു തങ്ങളുടെ വാഹനം സമ്മാനമായി നൽകുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള നിരവധി കായികതാരങ്ങൾക്ക് നേരത്തെ മഹീന്ദ്ര തങ്ങളുടെ എസ്.യു.വി സമ്മാനമായി നൽകിയിട്ടുണ്ട്.

Story highlights : Anand Mahindra Gifts Thar to Sarfaraz Khan’s Father