പിതാവിന്റെ എതിർപ്പ്, ക്രിക്കറ്റ് കിറ്റ് വാങ്ങാനായി അമ്മയുടെ ആഭരണം വിറ്റു; ഇന്ത്യൻ ടീമിലേക്കുള്ള ധ്രുവ് ജൂറെലിൻ്റെ യാത്ര..!

February 16, 2024

ഇംഗ്ലണ്ടിനെതിരായ രാജ്കോട്ട് ടെസ്റ്റിൻറെ ആദ്യ ദിനം യുവ ബാറ്റർ സർഫറാസ് ഖാൻറെ അരങ്ങേറ്റമാണ് ക്രിക്കറ്റ് ലോകത്തിൻറെ മനംകവർന്നതെങ്കിൽ രണ്ടാം ദിനത്തിൽ മികച്ച പ്രകടനത്തോടെ അരങ്ങേറ്റം ​ഗംഭീരമാക്കിയിരിക്കുകയാണ് വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേൽ. എന്നാൽ 23-കാരനായ ഈ താരത്തിന്റെ ക്രിക്കറ്റിലേക്കുള്ള വരവ് അത്ര എളുപ്പമായിരുന്നില്ല. ചെറുപ്പം മുതൽ തന്നെ ജുറേൽ ക്രിക്കറ്റ് കളിക്കുന്നതിനോട് പിതാവിന് എതിർപ്പുണ്ടായിരുന്നു. എന്നാൽ ആ പ്രതിസന്ധികളെയെല്ലാം മറികടന്നുകൊണ്ടാണ് ഇന്ന് ഇന്ത്യൻ കുപ്പായത്തിൽ കളത്തിലിറങ്ങിയത്. ( Dhruv Jurel’s inspirational journey to Indian team )

2001 ജനുവരി 21-ന് ആഗ്രയിലെ ഒരു സാധാരണ കുടുംബത്തിലാണ് ധ്രുവ് ജുറേലിന്റെ ജനനം. ഇന്ത്യൻ സൈന്യത്തിൽ ഹവിൽദാറായിരുന്ന പിതാവ് നേം സിങിന്റെ ഇടപെടലുകൾ ജുറൈലിന്റെ ക്രിക്കറ്റ് മോഹ​ങ്ങൾ‌ക്ക് മുന്നിൽ പലപ്പോഴും ഒരു വെല്ലുവിളിയായിരുന്നു. മകനൊരു സർക്കാർ ജീവനക്കാരനായി കാണണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം. അതുകൊണ്ടുതന്നെ മകൻ ക്രിക്കറ്റ് കളിക്കുന്നതിനെ പട്ടാളക്കാരനായ പിതാവ് എതിർക്കുന്നത് പതിവായിരുന്നു. തന്റെ കുട്ടിക്കാലത്ത് പിതാവിന്റെ കണ്ണു വെട്ടിച്ചാണ് ജുറേൽ കളിക്കാൻ പോയിരുന്നത്.

എന്നാൽ അപ്പോഴേക്കും കുഞ്ഞു ജുറേലിന്റെ മനസിൽ ക്രിക്കറ്റിനോടുള്ള അതിയായ ഇഷ്ടം കുടിയേറിയിരുന്നു. തന്റെ സ്വപ്നത്തിലേക്ക് ചുവടുവയ്ക്കുന്നതിനായി മികച്ച ‍പരിശീലനം ആവശ്യമാണെന്ന് ജുറേലിന് അറിയാമായിരുന്നു. ഇതിനായി ക്രിക്കറ്റ് കിറ്റ് വാങ്ങി നൽകാനായി പിതാവിനെ സമീപിച്ച ധ്രുവിനോട് കളി നിർത്താനാണ് പിതാവ് ആവശ്യപ്പെട്ടത്. കിറ്റ് വാങ്ങാൻ 8000 രൂപ വേണമെന്ന് പറഞ്ഞതോടെയായിരുന്നു പിതാവിന്റെ ഈ മറുപടി. ഇതോടെ അമ്മയുടെ ആഭരണം വിറ്റാണ് കിറ്റ് വാങ്ങുന്നതിനായി പണം കണ്ടെത്തിയതെന്നും ധ്രുവ് പറഞ്ഞിരുന്നു.

ഉത്തർ പ്രദേശിൽ അണ്ടർ 14,16 ടീമുകളിൽ കളിച്ചാണ് ധ്രുവ് കരിയർ തുടങ്ങിയത്. 2020 അണ്ടർ 19 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലും സ്ഥാനം ലഭിച്ചിരുന്നു. ഐപിഎല്ലിൽ ‌രാജസ്ഥൻ റോയൽസിനായി കളിക്കുന്ന താരം കഴിഞ്ഞ സീസണിൽ മധ്യനിരയിൽ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

Read Also : ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ വനിത ക്രിക്കറ്റർ; സ്‌കൂൾ മീറ്റുകളിൽ തിളങ്ങിയ 12 വയസുകാരി!

ഇം​ഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റിൽ വിക്കറ്റ് കീപ്പർ ബാറ്റർ കെ.എസ് ഭരതിന്റെ മോശം പ്രകടനമാണ് യുവതാരത്തിന് ഇന്ത്യൻ ടീമിലേക്കുള്ള വഴിയൊരുക്കിയത്. മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തികാണ് യുവതാരത്തിന് അരങ്ങേറ്റ ക്യാപ് സമ്മാനിച്ചത്. ആദ്യ ഇന്നിങ്സിൽ എട്ടാമനായി ക്രീസിലെത്തി 46 റൺസെടുത്ത് ജുറേൽ അരങ്ങേറ്റ ടെസ്റ്റിൽ മികച്ച പ്രകടനവും നടത്താനുമായി.

Story highlights : Dhruv Jurel’s inspirational journey to Indian team