ആകസ്മികമെങ്കിലും അദ്ദേഹത്തിന്റെ അവസാന യാത്രയിൽ വാഹനത്തിൽ പതിപ്പിച്ചിരുന്നത് ‘കാര്യം നിസാര’ത്തിലെ ഉണ്ണിത്താന്റെ ചിത്രമായിരുന്നു- പ്രേംനസീർ ഓർമ്മകൾ പങ്കുവെച്ച് ”filmy FRIDAYS!”ൽ ബാലചന്ദ്ര മേനോൻ
മലയാള സിനിമയുടെ സുവർണകാലഘട്ടങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ് പ്രേംനസീർ. നിത്യഹരിത നായകനായി ഇന്നും മലയാളി മനസുകളിൽ ഇരിപ്പിടമുള്ള നസീറിനെ കുറിച്ച് വളരെ അടുത്തറിയാവുന്ന വ്യക്തിയാണ് ബാലചന്ദ്ര മേനോൻ. നസീർ ഓർമ്മകളാണ് ”filmy FRIDAYS!”ന്റെ പുതിയ എപ്പിസോഡിൽ ബാലചന്ദ്ര മേനോൻ പങ്കുവയ്ക്കുന്നത്.
ഒട്ടേറെ റെക്കോർഡുകൾ സ്വന്തമാക്കിയ പ്രേംനസീർ തന്റെതായ, അല്പം നാടകീയമായ ഒരു ശൈലി അഭിനയത്തിൽ കൊണ്ടുവന്നിരുന്നു. ആ ശൈലിയാണ് അദ്ദേഹത്തെ വേറിട്ടുനിർത്തിയതും. എന്നാൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ‘കാര്യം നിസാരം’, ‘പ്രശ്നം ഗുരുതരം’ എന്നീ ചിത്രങ്ങളിൽ വളരെ റിയാലിസ്റ്റിക്കായ നസീറിനെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു.
ആ രണ്ടു ചിത്രങ്ങളും നസീറിന്റെ ഏറ്റവും മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഇടമുള്ളവയാണ്. മാത്രമല്ല, ‘കാര്യം നിസാരം’ എന്ന ചിത്രത്തിലെ ഉണ്ണിത്താൻ എന്ന പച്ചമനുഷ്യന്റെ കഥാപാത്രം നസീർ അത്രയധികം ഹൃദയത്തോട് ചേർത്തിരുന്നു. ആകസ്മികമെന്ന് പറയട്ടെ, അത്രയധികം സിനിമകളിൽ അഭിനയിച്ചിട്ടും അദ്ദേഹത്തിന്റെ അവസാന യാത്രയിൽ വാഹനത്തിൽ പതിപ്പിച്ചിരുന്നത് ‘കാര്യം നിസാര’ത്തിലെ ഉണ്ണിത്താന്റെ ചിത്രമായിരുന്നു.
സിനിമാ വിശേഷങ്ങളും ഓർമ്മകളും പങ്കുവെച്ച് എല്ലാ വെള്ളിയാഴ്ചകളിലുമാണ് ”filmy FRIDAYS!” എത്തുന്നത്.
Story highlights-balachandra menon about premnazir