ലോകത്ത് കൊവിഡ് മരണം കവര്‍ന്നത് അഞ്ചര ലക്ഷത്തിലധികം ജീവനുകള്‍
മാസങ്ങള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരിക്ക് എതിരായ പോരാട്ടത്തിലാണ് ലോകം. രാജ്യങ്ങളുടെ അതിരുകള്‍ ഭേദിച്ച് കൊറേണ വൈറസ് വ്യാപനം തുടരുമ്പോഴും ശക്തമാണ് പലയിടങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍. എങ്കിലും പൂര്‍ണ്ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊവിഡ് രോഗം.
കൊവിഡ് മൂലം ലോകത്ത് ഇതുവരെ അഞ്ചര ലക്ഷത്തിലേറെ പേര്‍ക്കാണ് ജീവന് നഷ്ടമായത്. 5,52,112 പേര് ഇതുവരെ വിവിധ രാജ്യങ്ങളിലായി കൊവിഡ് മൂലം മരണപ്പെട്ടു. 1,21,64,119 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 70,30,006 പേര് രോഗത്തില്‍ നിന്നും മുക്തരായി.
Read more: വിട്ടൊഴിയാതെ കൊവിഡ്; രാജ്യത്ത് രോഗികളുടെ എണ്ണം 7.6 ലക്ഷം കടന്നു
രണ്ട് ലക്ഷത്തില്‍ അധികം ആളുകള്‍ക്കാണ് കഴിഞ്ഞ ഒരു ദിവസം ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 5,518 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കൊവിഡ് പ്രതിസന്ധി രൂക്ഷമായി ബാധിച്ചിരിക്കുന്ന അമേരിക്കയില്‍ കഴിഞ്ഞ ഒരു ദിവസം 890 പേരാണ് മരണപ്പെട്ടത്. ഇതോടെ അമേരിക്കയിലെ കൊവിഡ് മരണ നിരക്ക് 1,34,862 ആയി ഉയര്‍ന്നു. മാത്രമല്ല 61,848 പുതിയ കൊവിഡ് കേസുകളും കഴിഞ്ഞ ദിവസം അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഇത് ആദ്യമായാണ് അമേരിക്കയില്‍ ഒറ്റദിവസം ഇത്രയധികം കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും.
ബ്രസീലിലും സ്ഥിതി രൂക്ഷമായി തുടരുകയാണ്. ഇന്നലെ മാത്രം കൊവിഡ് മൂലം 1,187 പേര് മരണപ്പെട്ടു. ഇതുവരെ 68,055 പേര്‍ക്കാണ് ബ്രസീലില്‍ കൊവിഡ് മൂലം ജീവന് വെടിയേണ്ടി വന്നത്. ഇന്ത്യയിലും കൊവിഡ് രോഗ വ്യാപനം നിയന്ത്രണ വിധേയമായിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 24897 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്. 487 പേര് കഴിഞ്ഞ ഒരു ദിവസം കൊണ്ട് കൊവിഡ് രോഗം മൂലം മരണപ്പെടുകയും ചെയ്തു.
ഇതുവരെ 7,67,296 പേര്‍ക്കാണ് ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 4,76,978 പേര് ഇതിനോടകംതന്നെ രോഗത്തില്‍ നിന്നും മുക്തരായിട്ടുണ്ട്. 2,69,789 പേര് നിലവില്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. അതേസമയം ഇന്ത്യയില്‍ കൊവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 21,129 ആയി ഉയര്‍ന്നു.
Story highlights: Covid 19 Worldwide Corona Virus Latest Updates