വിട്ടൊഴിയാതെ കൊവിഡ്; രാജ്യത്ത് രോഗികളുടെ എണ്ണം 7.6 ലക്ഷം കടന്നു

July 9, 2020
new Covid cases

രാജ്യത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്നു. കൊറോണ വൈറസിന്റെ വ്യാപനത്തെ പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാക്കാന്‍ ഇതുവരേയും സാധിച്ചിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 24897 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്. 487 പേര്‍ കഴിഞ്ഞ ഒരു ദിവസം കൊണ്ട് കൊവിഡ് രോഗം മൂലം മരണപ്പെടുകയും ചെയ്തു.

ഇതുവരെ 7,67,296 പേര്‍ക്കാണ് ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 4,76,978 പേര്‍ ഇതിനോടകംതന്നെ രോഗത്തില്‍ നിന്നും മുക്തരായിട്ടുണ്ട്. 2,69,789 പേര്‍ നിലവില്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. അതേസമയം ഇന്ത്യയില്‍ കൊവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 21,129 ആയി ഉയര്‍ന്നു.

മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി സംസ്ഥാനങ്ങളില്‍ കൊവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. രാജ്യത്തെ കൊവിഡ് രോഗികളില്‍ ഭൂരിഭാഗവും ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമാണ്. മഹാരാഷ്ട്രയില്‍ ഇതുവരെ 2,23,724 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 9,448 പേര്‍ക്ക് കൊവിഡ് മൂലം ജീവനും നഷ്ടപ്പെട്ടു.

ഒരു ലക്ഷത്തിലധികം ആളുകള്‍ക്ക് തമിഴ്‌നാട്ടിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ 1,22,350 കൊവിഡ് പോസിറ്റീവ് കേസുകളാണ് തമിഴ്‌നാട് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവരില്‍ 74,167 പേര്‍ രോഗത്തില്‍ നിന്നും മുക്തരായിട്ടുണ്ട്. 1700 മരണങ്ങളും തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തു. 1,04,864 പേര്‍ക്ക് ഡല്‍ഹിയലും രോഗം സ്ഥിരീകരിച്ചു. 3213 പേര്‍ക്കാണ് ഡല്‍ഹിയില്‍ കൊവിഡ് മൂലം ജീവന്‍ നഷ്ടമായത്.

Story highlights: Covid In India Latest Corona Updates