‘സുശാന്ത്..ഇത് കാണാൻ നീ ഇല്ലാതെ പോയല്ലോ’; ഹൃദയംതൊട്ട് ‘ദില്‍ ബേചാര’യിലെ പ്രണയഗാനം
 
								കുറഞ്ഞ കാലയളവുകൊണ്ടുതന്നെ സ്വയസിദ്ധമായ അഭിനയത്തിലൂടെ ഇന്ത്യൻ സിനിമാ ലോകത്തിന്റെ മുഴുവൻ പ്രിയങ്കരനായി മാറിയ നടനാണ് സുശാന്ത് സിംഗ് രാജ്പുത്. നിറഞ്ഞ പുഞ്ചിരിയും തെളിഞ്ഞ മുഖവുമായി പ്രേക്ഷക ഹൃദയങ്ങളിൽ നിറഞ്ഞുനിന്നിരുന്ന പ്രിയകലാകാരന്റെ മരണവാർത്ത ഏറെ ഞെട്ടലോടെയാണ് സിനിമ ലോകവും ആരാധകരും കേട്ടത്.
സുശാന്തിന്റെ മരണത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ഇനിയും അവസാനിച്ചിട്ടില്ല. അതിനിടയിൽ അദ്ദേഹം അഭിനയിച്ച അവസാന ചിത്രം ‘ദിൽ ബേചാര’ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിലെ പ്രണയഗാനം പുറത്തുവന്നതോടെ ആ മുഖത്തെ ചിരി കാഴ്ചക്കാരന്റെ ഉള്ളില്‍ ഒരു നൊമ്പരമായി പ്രതിഫലിക്കുകയാണ്. എ.ആർ.റഹ്മാൻ സംഗീതം നൽകിയ ഗാനം മോഹിത് ചൗഹാനും ശ്രേയ ഘോഷാലും ചേർന്നാണു പാടിയത്. അമിതാഭ് ഭട്ടാചാര്യയുടേതാണ് വരികൾ.
ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന ഗാനവും ഏറെ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. സംഗീത മാന്ത്രികന്‍ എആര്‍ റഹ്‌മാന്റെ മാന്ത്രിക സംഗീതത്തിന് ചുവുവയ്ക്കുന്ന സുശാന്ത് സിങ് ആയിരുന്നു ഗാനത്തിലെ പ്രധാന ആകര്‍ഷണം.
Read also: കുസൃതികാട്ടുന്ന മറിയത്തിന്റെ ഫോട്ടോഗ്രാഫറായി മമ്മൂക്ക; വൈറലായി ചിത്രങ്ങൾ
നവാഗതനായ മുകേഷ് ചബ്ര സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘ദില്‍ ബേചാര’. സഞ്ജന സാങ്കി ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നു. ജൂലൈ 24 ന് ഡിസ്‌നി ഹോട്ടസ്റ്റാര്‍ ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രത്തിന്റെ റിലീസ്.
കഴിഞ്ഞ ജൂൺ 14 നാണ് സുശാന്ത് മരണത്തിന് കീഴടങ്ങിയത്. മുംബയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ടെലിവിഷൻ സീരിയലുകളിലൂടെ കരിയർ ആരംഭിച്ച സുശാന്ത് 2016 ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ജീവിത കഥ പറയുന്ന ‘എം. എസ്. ധോണി ദി അണ്‍ടോള്‍ഡ് സ്‌റ്റോറി’ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്. ചിത്രത്തിൽ ധോണിയുടെ വേഷത്തിൽ എത്തിയത് സുശാന്ത് ആയിരുന്നു.
‘കായി പോ ചെ’ (2013) എന്ന നാടകചലച്ചിത്രത്തില്‍ മൂന്നു പുരുഷ കഥാപാത്രങ്ങളില്‍ ഒരാളായി അഭിനയിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള മൂന്ന് അവാര്‍ഡുകളും ലഭിച്ചിരുന്നു.
Story Highlights: Dil Bechara Taare Ginn Official Video






