കുസൃതികാട്ടുന്ന മറിയത്തിന്റെ ഫോട്ടോഗ്രാഫറായി മമ്മൂക്ക; വൈറലായി ചിത്രങ്ങൾ

July 18, 2020

വെള്ളിത്തിരയില്‍ വേറിട്ട കഥാപാത്രങ്ങളെ അനശ്വരമാക്കുന്ന നടനാണ് മലയാളികളുടെ പ്രിയതാരം മമ്മൂട്ടി. പൊതുവേദികളിലുള്ള മമ്മൂട്ടിയുടെ സൗഹാര്‍ദപരമായ ഇടപെടലുകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടാറുണ്ട്. അഭിനേതാവ് എന്നതിനുപരി ഒരു പെര്‍ഫെക്ട് ഫാമിലി മാന്‍ എന്നും മമ്മൂട്ടിയെ വിശേഷിപ്പിക്കാറുണ്ട്.

അത്തരത്തിൽ കൊച്ചുമകൾക്കൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കൊച്ചുമകൾ മറിയത്തിന്റെ കുസൃതികൾ ക്യാമറയിൽ പകർത്തുകയാണ് മമ്മൂട്ടി. ദുൽഖർ സൽമാനാണ് ഇരുവരുടെയും ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഉപ്പൂപ്പാന്റെ ക്ലിക്കിൽ പതിഞ്ഞ മാലാഖ എന്ന ക്യാപ്‌ഷനോടെയാണ് ചിത്രങ്ങൾ വൈറലാകുന്നത്.

മമ്മൂട്ടിയുടെ ഫോട്ടോഗ്രഫി പ്രിയം വ്യക്തമാക്കുന്ന ചിത്രങ്ങൾ നേരത്തേയും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പുതിയ വീട്ടിൽ പുലർകാലത്തെത്തുന്ന അതിഥികളെ ക്യാമറയിൽ പകർത്തുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളും അടുത്തിടെ സോഷ്യൽ ലോകത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read also:രാധിക തിലകിന് ആദരവർപ്പിച്ച് മകൾ ദേവിക; അമ്മയുടെ പാട്ടുകൾ പുനഃരാവിഷ്കരിച്ച് മകൾ

വെള്ളിത്തിരയില്‍ എക്കാലത്തും അഭിനയം കൊണ്ട് വിസ്മയങ്ങള്‍ ഒരുക്കുന്ന നടനാണ് മമ്മൂട്ടി. 1951 സെപ്തംബര്‍ ഏഴിന് കോട്ടയം ജില്ലയിലെ വൈക്കത്തിനടത്ത് ചെമ്പ് എന്ന സ്ഥലത്തായിരുന്നു മമ്മൂട്ടിയുടെ ജനനം. അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും സിനിമാ മേഖലയിലാണ് താരം ചുവടുറപ്പിച്ചത്. മൂന്ന് പതിറ്റാണ്ടുകളിലേറെയായി താരം വെള്ളിത്തിരയിലെ നിറസാന്നിധ്യമാണ്. ഇപ്പോൾ മകൻ ദുൽഖർ സൽമാനും വെള്ളിത്തിരയിലെ മിന്നും താരമാണ്.

Story Highlights: mammootty clicks maryam ameerah salmaan