‘120 പേർ വേണ്ടിടത്ത് 50 പേർ’, ചിത്രീകരണം പൂർത്തിയാക്കി ടീം സുനാമി; ഇത് ഏത് മഹാമാരിക്ക് മുന്നിലും തോറ്റുകൊടുക്കാത്ത സമൂഹമെന്ന് ലാൽ

July 1, 2020
tsunami

ലാൽ കുടുംബത്തിൽ നിന്നും പിറവിയെടുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സുനാമി. ലാൽ തിരക്കഥയൊരുക്കി മകൻ ജീൻ പോൾ ലാൽ സംവിധാനം ചെയ്ത് മരുമകൻ അലൻ ആന്റണി നിർമിക്കുന്ന ചിത്രം. ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ നിർത്തിവെച്ച സിനിമ അടുത്തിടെ വീണ്ടും ചിത്രീകരണം ആരംഭിച്ചിരുന്നു. സർക്കാർ നിർദ്ദേശിച്ച എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ചിത്രീകരണം തുടങ്ങിയ സിനിമ ഷൂട്ടിങ് പൂർത്തിയാക്കിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടൻ ലാൽ.

Read also: ഇതാണ് രാത്രിയുടേയും പകലിന്റെയും അതിർവരമ്പ്; കൗതുകമായി അപൂർവ ചിത്രം

‘അങ്ങനെ പ്രതിസന്ധികൾക്കും വെല്ലുവിളികൾക്കും ഒടുവിൽ ഇന്ന് ‘സുനാമി’ എന്ന ഞങ്ങളുടെ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കുകയാണ്. 2020 ഫെബ്രുവരി അവസാനം തൃശൂരിൽ ഷൂട്ടിങ് ആരംഭിക്കുമ്പോൾ ഞങ്ങളുടെ എല്ലാവരുടെയും മനസിൽ ഉണ്ടായിരുന്നത് മാർച്ച് അവസാനം വരെ നീണ്ട് നിൽക്കുന്ന വേണ്ടപ്പെട്ട കുറേപേർ ഒന്നിച്ചുള്ള ഒരു ആഘോഷം എന്നായിരുന്നു.

പക്ഷെ അപ്രതീക്ഷിതമായി വന്ന കൊറോണ വൈറസിന്റെ ആഘാതം ഈ ലോകത്തെതന്നെ പ്രതിസന്ധിയുടെ ഇരുട്ടിലേക്ക് തള്ളി വിട്ടപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കാനേ ഞങ്ങൾക്കും കഴിഞ്ഞുള്ളു. അങ്ങനെ ഷൂട്ടിങ് തീരാൻ 12 ദിവസം ബാക്കി നിൽക്കേ മാർച്ച് പകുതിയോടെ ഞങ്ങൾ സുനാമിയുടെ ചിത്രീകരണം നിർത്തിവെച്ചു. പിന്നീട് നടന്നതും സംഭവിച്ചതുമെല്ലാം നമ്മൾ ഓരോരുത്തർക്കും അറിയാവുന്നതാണ്. 

പക്ഷേ ഒന്നും എവിടെയും അവസാനിക്കുന്നതല്ലല്ലോ, അതും സിനിമ. തിരിച്ചടികൾക്കും പ്രതിസന്ധികൾക്കും ഇടയിൽ നിന്ന് പോരടിച്ചു തന്നെയാണ് എന്നും സിനിമ വിജയക്കൊടി പാറിച്ചിട്ടുള്ളത്.ആ ധൈര്യത്തിൽ നിന്നു കിട്ടിയ ചങ്കൂറ്റം കൊണ്ടുതന്നെയാണ് കോറോണ ഭീതി നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ തന്നെ സർക്കാർ നിർദേശങ്ങൾ പാലിച്ചുകൊണ്ട് വീണ്ടും ഷൂട്ടിങ് പുനരാരംഭിക്കാൻ ഞങ്ങൾ തയ്യാറായതും. വാക്കുകളിൽ ഒതുക്കുന്നില്ല, എല്ലാവരോടും ഉള്ള കടപ്പാടും നന്ദിയും.

ആശയക്കുഴപ്പങ്ങളുടെയും ഭീതിയുടെയും നിഴലിൽ നിൽക്കുന്ന ഈ സമയത്ത് സ്വന്തം കുടുംബത്തെ വിട്ടു മാറിനിന്ന് ഈ സിനിമയ്ക്കു വേണ്ടി രാപ്പകലുകൾ അധ്വാനിച്ചതിന്, നൂറോ നൂറ്റിയിരുപതോ പേർ ചേർന്ന് ചെയ്യേണ്ട ജോലികൾ വെറും അമ്പത് പേരായി ചേർന്ന് നിന്നു ചെയ്ത് തീർത്ത് ചരിത്രം സൃഷ്ടിച്ചതിന്. നന്ദി , നന്ദി, നന്ദി. ഇതൊരു തുടക്കം ആവട്ടെ, ഏത് മഹാമാരിക്കു മുന്നിലും തളരാതെ, തോറ്റുകൊടുക്കാത്ത അധ്വാനത്തിന്റെ വിലയറിയുന്ന ഒരു സമൂഹം, പ്രതീക്ഷയോടെ ടീം സുനാമി. -ലാൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

View this post on Instagram

Tsunami – Pack Up A Lal & Junior Cinema #malayalamcinema

A post shared by LAL (@lal_director) on

Read also: പരിമിതികൾ അതിജീവിച്ച് സഹോദരനെ പരിപാലിക്കുന്ന മുൻകാലുകൾ നഷ്‌ടമായ പൂച്ച- ഹൃദ്യം ഈ വീഡിയോ

‘സുനാമി’യിൽ നായകനായെത്തുന്നത് നടൻ ബാലു വർഗീസ് ആണ്. ‘ഡ്രൈവിങ് ലൈസൻസി’ന് ശേഷം ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സുനാമി’. പാണ്ട ഡാഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൽ ഇന്നസെന്റ്, മുകേഷ്, അജു വർഗീസ്, സുരേഷ്‌ കൃഷ്ണ എന്നിവർ മറ്റ്‌ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Story Highlights: director lal thanking team tsunami after completing stooting