‘ബോട്ടില്‍ ലോക്ക്ഡൗണ്‍’ ഹ്രസ്വചിത്രം ഫ്ളവേഴ്സ് ടിവിയില്‍, പിന്നാലെ സിനിമയില്‍ അവസരം; ദിവ്യദര്‍ശനെ ഗുലുമാലിലാക്കി മുകേഷ്
ഗുലുമാല് എന്ന വാക്ക് മലയാളികള്‍ക്ക് അപരിചിതമല്ല. ഗുലുമാല് ഓണ്‍ലൈന്‍ എന്ന പേരില്‍ യുട്യൂബില്‍ പ്രത്യക്ഷപ്പെടുന്നത് രസകരമായ നിരവധി പ്രാങ്ക് വീഡിയോകളാണ്. കഴിഞ്ഞ ദിവസം ചലച്ചിത്രതാരം മുകേഷ്, അനന്തരവനായ ദിവ്യദര്ശന് കൊടുത്ത ഒരു ഗുലുമാല് പണി ശ്രദ്ധ നേടുന്നു.
ദിവ്യദര്ശന് സംവിധാനം നിര്‍വഹിച്ച ‘ബോട്ടില്‍ ലോക്ക്ഡൗണ്‍’ എന്ന ഹ്രസ്വചിത്രം ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ജൂലൈ 5 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സംപ്രേക്ഷണം. ”ഈ ഹ്രസ്വചിത്രം ഫ്ളവേഴ്സ് ടിവിയ്ല് വരുന്നുണ്ടെന്ന് തന്നോടും നാട്ടുകാരോടുമെല്ലാം ഭയങ്കര പൊങ്ങച്ചത്തോടെയാണ് ദിവ്യദര്ശന് പറഞ്ഞത്. സാറ്റ്ലൈറ്റ് എടുത്ത അന്ന് ബലൂണില്‍ കയറി മുകളിലേട്ട് പോയതാ ഇതുവരെ താഴേക്ക് ഇറങ്ങിയിട്ടില്ല. അതുകൊണ്ട് ബലൂണില്‍ നിന്നും താഴെ ഇറക്കാനാണ് ഇങ്ങനെ ഒരു പണി”. എന്ന മുഖവരയോടെയാണ് മുകേഷ് എത്തിയത്. ദിവ്യദര്ശന് ഗുലുമാല് പണികൊടുക്കാന്‍ മുകേഷിനൊപ്പം അനൂപ് പന്തളവും ചേര്‍ന്നു.
ചലച്ചിത്ര നിര്‍മ്മാതാവായ മൃണാള്‍ മങ്കട എന്ന് സ്വയം പരിചയപ്പെടിത്തി അനൂപ് പന്തളം ദിവ്യദര്‍ശനെ ഫോണില്‍ വിളിക്കുകയായിരുന്നു. ‘ബോട്ടില്‍ ലോക്ക്ഡൗണ്‍’ എന്ന ഹ്രസ്വചിത്രത്തിന്റെ ടീസര്‍ കണ്ടാണ് വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതിയ സിനിമയെക്കുറിച്ച് സംസാരിക്കാനാണ് വിളച്ചതെന്ന് പറഞ്ഞപ്പോള്‍ കൂടുതല്‍ ആവേശത്തിലായി ദിവ്യദര്ശന്. എന്നാല്‍ താലോലക്കുരുവി എന്ന് പേരിട്ടിരിക്കുന്ന സിനിമയെക്കുറിച്ച് കൂടുതല്‍ കേട്ടപ്പോഴേയ്ക്കും ദിവ്യദര്ശന് പന്തികേട് തേന്നി. എന്നാല്‍ അവസാന നിമിഷത്തിലാണ് തന്നെ പറ്റിക്കുകയാണെന്ന് ദിവ്യദര്ശന് തിരിച്ചറിഞ്ഞത്. എന്തായാലും കാഴ്ചക്കാരില്‍ ചിരി നിറയ്ക്കുകയാണ് ഈ ഗുലുമാല് വീഡിയോ.
പ്രേക്ഷകര്‍ക്ക് സുപരിചിതനായ അനൂപ് പന്തളമാണ് ഗുലുമാല് ഓണ്‍ലൈന്‍ എന്ന രസകരങ്ങളായ സെലിബ്രിറ്റി പ്രാങ്ക് വീഡിയോകളുടെ പിന്നില്‍. മലയാളത്തിലെതന്നെ ആദ്യത്തെ സെലിബ്രിറ്റി പ്രാങ്ക് വീഡിയോകളുടെ ഡിജിറ്റല്‍ വേര്‍ഷനാണ് ഗുലുമാല് ഓണ്‍ലൈന്‍.
Story highlights: Divya Darshan Amazing Prank in Gulumal Online