ഒന്നിച്ചുപാറി പതിനായിരക്കണക്കിന് മിന്നാമിനുങ്ങുകൾ; ഇത്തവണ കാഴ്ചക്കാരില്ലാതെ ടാട്സുനോ നഗരം
ശരീരത്തിൽ ഒരു നുറുങ്ങുവെട്ടവുമായി പാറിപറക്കുന്ന മിന്നാമിനുങ്ങുകൾ എന്നും കാഴ്ചക്കാരിൽ വിസ്മയം നിറയ്ക്കാറുണ്ട്. എന്നാൽ പതിനായിരക്കണക്കിന് മിന്നാമിനുങ്ങുകൾ ഒന്നിച്ചു പറക്കുന്ന മനോഹരമായ കാഴ്ചയെപ്പറ്റി ചിന്തിക്കാറുണ്ടോ… എങ്കിൽ അത്തരത്തിൽ മനോഹരമായ കാഴ്ച ഒരുക്കുന്ന സ്ഥലമാണ് ജപ്പാനിലെ ടാട്സുനോ എന്ന നഗരം.
ഒന്നും രണ്ടുമല്ല പതിനായിരക്കണക്കിന് മിന്നാമിനുങ്ങുകളാണ് ഈ നഗരത്തിൽ അത്ഭുത കാഴ്ചയായി എത്താറുള്ളത്, ഈ വിസ്മയ കാഴ്ച കാണാനായി നിരവധി സന്ദർശകരും ഇവിടേക്ക് എത്താറുണ്ട്. എന്നാൽ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ കാഴ്ചക്കാരില്ലാതെ തികച്ചും സ്വകാര്യമായാണ് മിന്നാമിനുങ്ങുകളുടെ ഒന്നുചേരൽ നടന്നത്.
മിന്നാമിനുങ്ങുകളുടെ ജീവിതത്തിന്റെ കൂടുതൽ കാലഘട്ടവും ഇവ ശുദ്ധജലത്തിലാണ് ജീവിക്കുന്നത്. ഏതാണ്ട് ഒമ്പത് മാസക്കാലം ശുദ്ധജലത്തിൽ കഴിയുന്ന ഇവയുടെ പ്രധാന ആഹാരം ഒച്ചുകളാണ്. ഇത്തരത്തിൽ മിന്നാമിനുങ്ങുകളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഇവയ്ക്ക് താമസിക്കാൻ കഴിയുന്ന രീതിയിൽ ടാട്സുനോ നഗരത്തിൽ ഒരു മനോഹരമായ പാർക്ക് ഒരുക്കിയിട്ടുണ്ട്.
നദികളിൽ നിന്നും വെള്ളച്ചാട്ടങ്ങളിൽ നിന്നും പാർക്കിനുള്ളിലെ കുഴികളിൽ ശുദ്ധജലം നിറച്ചാണ് മിന്നാമിനുങ്ങുകൾക്കുള്ള വാസസ്ഥലം ഒരുക്കിയിരിക്കുന്നത്. മിന്നാമിനുങ്ങുകൾ ഇണചേരുന്ന 10 ദിവസം സന്ദർശകർക്ക് അവയുടെ ‘നൃത്തം’ കാണുന്നതിനായി പ്രത്യേക സൗകര്യങ്ങളും പാർക്കിൽ ഒരുക്കിയിട്ടുണ്ട്. ഇത്തരത്തിൽ ഇവയുടെ നൃത്തം കാണാൻ നിരവധി ആളുകളാണ് എല്ലാ വർഷവും ഇവിടേക്ക് എത്തുന്നത്. എന്നാൽ ഇത്തവണ കാഴ്ചക്കാരില്ലാതെയാണ് ഈ ഒത്തുചേരൽ നടന്നത്.
Story Highlights: Fireflies Dancing fest this time without visitors