“ആർക്കും ഞങ്ങളെ പിരിക്കാനാകില്ല”; വിവാഹിതരായ പാറകളുടെ കഥ!

January 22, 2024

ലോകമെമ്പാടും പവിത്രമായി കണക്കാക്കുന്ന നിരവധി സ്ഥലങ്ങളുണ്ട്. അത്തരത്തിലുള്ള ഒരിടമാണ് ജപ്പാനിലെ ‘മെയോത്തോ ഇവ’ അഥവാ ‘വെഡ്ഡഡ് റോക്ക്സ്’. ജപ്പാനിലെ ഈ പുണ്യസ്ഥലത്തിന് പിന്നിൽ രസകരമായ ഒരു കഥയുണ്ട്. അതിശയോക്തി അല്പം കൂടുതലുള്ള ആ കഥ കേട്ട് നോക്കൂ. (The Story of Japan’s Wedded Rocks)

‘വെഡ്ഡഡ് റോക്ക്സ്’ അല്ലെങ്കിൽ ‘മെയോത്തോ ഇവ’ ജപ്പാനിലെ രണ്ട് പവിത്രമായ പാറകളാണ്. പേര് കേട്ട് ഞെട്ടണ്ട! അവർ ശരിക്കും കല്യാണം കഴിച്ചു എന്നാണ് പറയപ്പെടുന്നത്. അവയെ ഭാര്യാഭർത്താക്കന്മാർ അല്ലെങ്കിൽ വിവാഹിത പാറകൾ എന്നും അറിയപ്പെടുന്നു. ഈ പാറകൾ സ്നേഹത്തിന്റെയും പുരുഷനും സ്ത്രീയും തമ്മിലുള്ള ഐക്യത്തിന്റെയും സന്തോഷകരമായ കുടുംബജീവിതത്തിന്റെയും പ്രതീകമായി കണക്കാക്കപ്പെടുന്നു.

ഈ രണ്ട് പാറകളും ജാപ്പനീസ് നഗരമായ ഫുതാമിക്ക് സമീപമുള്ള കടലിലാണ് സ്ഥിതി ചെയ്യുന്നത്. ഏകദേശം 40 മീറ്റർ ചുറ്റളവുള്ള ഉയരം കൂടിയ പാറയ്ക്ക് 9 മീറ്റർ ഉയരമുണ്ട്. അതിന്റെ പേര് ഇസാനാഗി എന്നാണ്. ഈ പാറ ഭർത്താവിന്റെ പ്രതീകമാണ്. ഈ കൂറ്റൻ പാറയുടെ വലതുവശത്തായി 3.6 മീറ്റർ ഉയരമുള്ള ഇസാനാമി എന്ന് പേരുള്ള മറ്റൊരു പാറയുണ്ട്. അത് ഏകദേശം 9 മീറ്റർ വൃത്താകൃതിയിലാണ് കാണപ്പെടുന്നത്. ഈ പാറയാകട്ടെ ഭാര്യയുടെ പ്രതീകവും.

Read also: ‘മഞ്ഞും മണലും സമുദ്രത്തെ പുണർന്നപ്പോൾ’; ജപ്പാനിലെ ബീച്ചിൽ നിന്നുള്ള അപൂർവ കാഴ്ച!

കയറുകൊണ്ട് ബന്ധിപ്പിച്ചിരിക്കുന്ന രണ്ട് പാറകളും വിവാഹിതരാണെന്ന് പറയപ്പെടുന്നു. ഭൂമിയും ആത്മിക മണ്ഡലവും തമ്മിലുള്ള വേതിർവാണ് ഈ ബന്ധനത്തിന് പിന്നിൽ. ഏകദേശം ഒരു ടൺ ഭാരമുള്ള ഷിമെനാവ എന്നറിയപ്പെടുന്ന നെല്ല് കൊണ്ടാണ് ഈ കയർ നിർമ്മിച്ചിരിക്കുന്നത്. മെയ്, സെപ്റ്റംബർ, ഡിസംബർ മാസങ്ങളിൽ നടക്കുന്ന ഒരു പ്രത്യേക ചടങ്ങിൽ വർഷത്തിൽ മൂന്ന് തവണ ഈ കയറുകൾ മാറ്റി കെട്ടും.

വിവാഹങ്ങൾക്കുള്ള ഒരു തീർത്ഥാടന കേന്ദ്രമായാണ് ‘മെയോത്തോ ഇവ’ ഇന്ന് കണക്കാക്കപ്പെടുന്നത്. ദമ്പതികൾ ഈ പാറകളെ പവിത്രമായി കണക്കാക്കുകയും അവരുടെ മുന്നിൽ വിവാഹം കഴിക്കുകയും ചെയ്യുന്നു. പാറകളുടെ മുന്നിലായി പരസ്പരം കൈകൾ കോർത്ത് പിടിച്ച് അവരുടെ ജീവിതകാലം മുഴുവൻ ഒരുമിച്ച് നിൽക്കുമെന്ന് ആളുകൾ സത്യം ചെയ്യുന്നു. പുതുതായി വിവാഹിതരായ ദമ്പതികൾ പാറകളെ ദൈവമായി കണക്കാക്കുകയും അവരുടെ വിവാഹം ഈ രണ്ട് പാറകളെപ്പോലെ ശക്തവും ശാശ്വതവുമാകാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നു.

പാറകളുടെ മതപരമായ പ്രാധാന്യവും അവയ്ക്ക് ചുറ്റുമുള്ള മനോഹരമായ കാഴ്ചകളും കണ്ട് ധാരാളം ആളുകൾ അവിടെയെത്തുന്നു. സൂര്യൻ പാറകൾക്ക് മുകളിലായി ഉദിച്ചുവരുന്ന വേനൽക്കാലത്തെ പ്രഭാതങ്ങളാണ് പാറകൾ കാണാൻ ഏറ്റവും അനുയോജ്യമായ സമയം. ഏവരും കാണേണ്ട അതിമനോഹരമായ കാഴ്ച കൂടിയാണിത്.

Story highlights: The Story of Japan’s Wedded Rocks