മാതൃകയായി ജാർഖണ്ഡ്; മാസ്ക് ധരിച്ചില്ലെങ്കിൽ ഒരുലക്ഷം രൂപ പിഴ
രാജ്യത്ത് കൊവിഡ് രൂക്ഷമാകുകയാണ്. തുടക്കത്തിലുണ്ടായിരുന്ന കരുതലും പേടിയുമൊന്നും ജനങ്ങൾക്ക് ഇപ്പോൾ ഇല്ല. ലോക്ക് ഡൗണിന്റെ ആദ്യ ഘട്ടങ്ങളിൽ വീടിനുള്ളിൽ തന്നെ കഴിഞ്ഞവർ ഇപ്പോൾ മാസ്ക് നിർബന്ധമെന്ന് നിർദേശം പോലും കണക്കാക്കുന്നില്ല. കൊവിഡ് നിയമങ്ങൾ കാറ്റിൽ പരത്തുന്നവർക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങുകയാണ് ജാർഖണ്ഡ്.
ഇനി പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ ഒരുലക്ഷം രൂപയാണ് ജാർഖണ്ഡിൽ പിഴ ഈടാക്കുന്നത്. മന്ത്രിസഭ പാസാക്കിയ പകർച്ചവ്യാധി ഓർഡിനൻസ് 2020 പ്രകാരമാണ് ഈ നിയമം പ്രാബല്യത്തിൽ വരുന്നത്.
അതുപോലെ തന്നെ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാലും ഒരു ലക്ഷം രൂപ തന്നെയാണ് പിഴയീടാക്കുക. ലോക്ക് ഡൗൺ ലംഘനം നടത്തിയാൽ രണ്ടു വർഷം തടവാണ് ശിക്ഷ.
ജാർഖണ്ഡിൽ 6159 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 55 പേർ മരണപ്പെട്ടു. അതേസമയം, രാജ്യത്ത് കൊവിഡ് ശക്തി പ്രാപിക്കുകയാണ്. രോഗ ബാധിതരുടെ എണ്ണം പന്ത്രണ്ട് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,720 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. 1129 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
Story highlights-jharkhand government imposed fine for not wearing mask