‘ചങ്കുറപ്പുള്ള ഹീറോസിന്റെ’ പോരാട്ടവീര്യ സ്മരണയില്‍ ഒരു സംഗീതാവിഷ്കാരം; ശ്രദ്ധേയമായി ‘കാവല്‍ മേഘങ്ങള്‍’
ഇന്ന് ജൂലൈ 26. കാര്‍ഗില്‍ വിജയ ദിവസം. ഓരോ ഇന്ത്യക്കാരനേയും സംബന്ധിച്ച് അഭിമാനത്തിന്റെ ദിനം. കരളുറപ്പുള്ള ധീര ജവന്മാരുടെ പോരാട്ട വിജയത്തിന്റെ ദിവസം. 21 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുപോലൊരു ജൂലൈ മാസം 26-ാം തീയതി അതിശൈത്യമുള്ള ഒരു പുലരിയിലാണ്, ഇന്ത്യന്‍ കരസേന പാകിസ്താനി നുഴഞ്ഞുകയറ്റക്കാര്‍ക്ക് മേല്‍ സമ്പൂര്‍ണ്ണ വിജയം പ്രഖ്യാപിക്കുന്നത്.
മരണം മുന്നില്‍കാണുമ്പോഴും ധീരത കൈവെടിയാത്ത വീരന്മാരാണ് ഇന്ത്യന്‍ സൈന്യം. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ചങ്കുറപ്പുള്ള ഹീറോസ്. കൊടും ചൂടിലും അതിശൈത്യത്തിലും രാജ്യത്തിന്റെ സുരക്ഷയ്ക്കായി കയ്- മെയ് മറന്ന് പ്രയ്തനിക്കുന്നു… സ്വയം സേവിക്കുന്നതിന് മുമ്പ് സേവനം എന്ന ആപ്തവാക്യത്തില്‍ അടിയുറച്ച് ജീവിതം രാജ്യത്തിനായി സമര്‍പ്പിച്ച ധീര യോദ്ധാക്കളെ ഈ ദിവസം വിസ്മരിക്കാനാവില്ല.
ജനിച്ചുവീണ മണ്ണിനുവേണ്ടി പൊരുതി യുദ്ധഭൂമിയില്‍ പിടഞ്ഞുവീണ വീരസൂര്യന്മാരായ ധീരയോദ്ധാക്കളുടെ പാവനസ്മരണയ്ക്ക് മുന്നില്‍ ഗാനാഞ്ജലി ഒരുക്കിയിരിക്കുകയാണ് ഫ്ളവേഴ്സ് ടിവിയും ട്വന്റിഫോര്‍ ന്യൂസും ചേര്‍ന്ന്. ‘കാവല്‍ മേഘങ്ങള്‍’ എന്ന ഈ സംഗീതാവിഷ്കാരത്തില്‍ പ്രതിഫലിക്കുന്നത് ഇന്ത്യന്‍ സൈന്യത്തിന്റെ പോരാട്ട വീര്യവും ആത്മത്യാഗവുമൊക്കെയാണ്.
രാജേഷ് ആര് നാഥ് ആണ് ഗാനത്തിലെ വരികള്‍ എഴുതിയിരിക്കുന്നത്. അര്ജുന് അജു സംഗീതം പകര്‍ന്നിരിക്കുന്നു. സാന്ഡിയാണ് ആലാപനം. സനു വര്‍ഗീസ് ജിഷ്ണു എസ് ഗിരീശന് എന്നിവര്‍ ചിത്ര സംയോജനം നിര്‍വഹിച്ചിരിക്കുന്നു. ഗ്രാഫിക്സ് കൈകാര്യം ചെയ്തിരിക്കുന്നത് യദു കൃഷ്ണനാണ്.
Story highlights: Kaval Meghangal Music Video