‘കൊറോണ ഇല്ലായിരുന്നുവെങ്കില്‍ ലളിതം സുന്ദരം ജൂലൈ 3ന് റിലീസാകുമായിരുന്നു’: മധു വാര്യര്‍

July 5, 2020
Madhu Wariar about Lalitham Sundaram-release

കൊവിഡ് 19 എന്ന മഹാമാരി സമൂഹത്തില്‍ ഉണ്ടാക്കിയ പ്രതിസന്ധി ചെറുതല്ല. സിനിമ, കായികം തുടങ്ങി പല മേഖലകളേയും കൊവിഡ് പ്രതികൂലമായി ബാധിച്ചു. സിനിമാ തിയേറ്ററുകള്‍ നിശ്ചലമായപ്പോള്‍ ചില ചിത്രങ്ങള്‍ മാത്രമാണ് ഒടിടി റിലീസിന് തയാറായത്. കൊറോണ ഇല്ലായിരുന്നുവെങ്കില്‍ ‘ലളിതം സുന്ദരം’ എന്ന സിനിമ ജൂലൈ മൂന്നിന് റിലീസാകുമായിരുന്നു എന്നു മധു വാര്യര്‍ വ്യക്തമാക്കി.

മധു വാര്യരുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആദ്യ ചിത്രമാണ് ലളിതം സുന്ദരം. കൊവിഡ് തന്റെ ആദ്യ ചിത്രത്തിന് ഏല്‍പിച്ച ആഘാതം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവയ്ക്കുകയായിരുന്നു സംവിധായകന്‍ മധു വാര്യര്‍. ‘ലളിതം സുന്ദരം’ എന്ന ചിത്രത്തില്‍ ബിജു മേനോനും മഞ്ജു വാര്യരുമാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്.

പ്രമോദ് മോഹന്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ബിജു മേനോന്‍ നായകനായ ‘ഒരായിരം കിനാക്കള്‍’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് പ്രമോദ് മോഹന്‍. മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സ് സെഞ്ചുറിയുമായി ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. 2020 ഫെബ്രുവരിയില്‍ ‘ലളിതം സുന്ദരം’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. എന്നാല്‍ കൊവിഡ് മൂലം മാര്‍ച്ചില്‍ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവയ്ക്കുകയായിരുന്നു. നിലവില്‍ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.

വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ അഭിനയ രംഗത്തും മികവ് തെളിയിച്ചിട്ടുള്ള താരമാണ് മധു വാര്യര്‍. വാണ്ടഡ്, കാമ്പസ്, നേരറിയാന്‍ സിബിഐ, പറയാം, ഇമ്മിണി നല്ലൊരാള്‍, ഇരുവട്ടം മണവാട്ടി, പൊന്മുടി പുഴയോരത്ത്, ഹലോ, റോമിയോ, പത്താം അധ്യായം, സ്വ ലേ തുടങ്ങി നിരവധി ചിത്രങ്ങളില്‍ മധു വാര്യര്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Story highlights: Madhu Wariar about Lalitham Sundaram release