അമ്മയെ കാണാൻ മാസങ്ങൾക്ക് ശേഷം മോഹൻലാൽ കേരളത്തിലെത്തി; ഇനി ക്വാറന്റീൻ ദിനങ്ങൾ
ലോക്ക് ഡൗൺ സമയത്ത് നടൻ മോഹൻലാൽ കുടുംബസമേതം ചെന്നൈയിലെ വീട്ടിലാണ് ചിലവഴിച്ചത്. അമ്മ ശാന്തകുമാരി മാത്രം കേരളത്തിലുമായിരുന്നു. നാല് മാസങ്ങൾക്ക് ശേഷം അമ്മയെ കാണാൻ കേരളത്തിലേക്ക് എത്തിയിരിക്കുകയാണ് മോഹൻലാൽ.
ഡ്രൈവർക്കൊപ്പം സ്വകാര്യ വാഹനത്തിലെത്തിയ മോഹൻലാൽ പതിനാലു ദിവസത്തേക്ക് ക്വാറന്റീനിൽ പ്രവേശിച്ചിരിക്കുകയാണ്. അന്യ സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്നവർ സർക്കാർ നിർദേശ പ്രകാരമുള്ള പതിനാലു ദിവസം ക്വാറന്റീനിൽ കഴിയണം. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് മോഹൻലാൽ ക്വാറന്റീനിൽ പ്രവേശിച്ചിരിക്കുന്നത്.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘റാം’ സിനിമയുടെ ലൊക്കേഷനിൽ നിന്നും റിയാലിറ്റി ഷോ ഷൂട്ടിങ്ങിനായി ചെന്നൈയിൽ എത്തിയപ്പോഴായിരുന്നു ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഭാര്യ സുചിത്ര, മകൻ പ്രണവ് എന്നിവരും മോഹൻലാലിനൊപ്പം ചെന്നൈയിലെ വീട്ടിലാണ് ലോക്ക് ഡൗൺ ദിനങ്ങൾ ചിലവിട്ടത്.
മോഹൻലാലിന്റേയും സുചിത്രയുടെയും വിവാഹ വാർഷികവും എല്ലാവരുടെയും ജന്മദിനങ്ങളുമെല്ലാം ചെന്നൈയിലെ വീട്ടിലാണ് ആഘോഷമാക്കിയത്. കടലിനോട് അഭിമുഖമായിരിക്കുന്ന വീട്ടിൽ നിന്നും പ്രണവിനെയും വളർത്തുനായയെയും മോഡലാക്കി നിരവധി ചിത്രങ്ങൾ മോഹൻലാൽ പകർത്തിയത് ശ്രദ്ധേയമായിരുന്നു.
നാൽപത് വർഷത്തെ അഭിനയ ജീവിതത്തിനിടയിൽ ആദ്യമായാണ് മോഹൻലാൽ ഇത്രയധികം ദിനങ്ങൾ കുടുംബത്തോടൊപ്പം കഴിയുന്നത്. നാട്ടിൽ മടങ്ങിയെത്തിയാലും സിനിമാ ചിത്രീകരണങ്ങളിലേക്ക് മോഹൻലാൽ ഉടൻ പങ്കെടുക്കില്ല.
Read More: പിടിമുറുക്കി കൊറോണ വൈറസ്; ലോകത്ത് രോഗ ബാധിതരുടെ എണ്ണം ഒന്നരക്കോടി കടന്നു
‘റാം’ എന്ന ചിത്രമായിരുന്നു മോഹൻലാലിന്റേതായി പൂർത്തിയാക്കാനുണ്ടായിരുന്നത്. എന്നാൽ ഇനിയുള്ള ഭാഗങ്ങൾ വിദേശത്താണ് ചിത്രീകരിക്കാനുള്ളത്. അതുകൊണ്ട് മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിലെത്തി വമ്പൻ വിജയം നേടിയ ‘ദൃശ്യ’ത്തിന്റെ രണ്ടാം ഭാഗത്തേക്ക് കടക്കുകയാണ്. പൂർണമായും കേരളത്തിൽ തന്നെയാണ് ‘ദൃശ്യം’ 2 ചിത്രീകരിക്കുന്നത്.
Story highlights-mohanlal back in kerala