മഴയിൽ മാളം നിറഞ്ഞപ്പോൾ മക്കളെ സുരക്ഷിത സ്ഥാനത്തെത്തിക്കാൻ കഷ്ടപ്പെടുന്ന എലി- ഹൃദയം തൊട്ടൊരു വീഡിയോ
അമ്മ എന്ന വാക്കിനേക്കാളുപരി ആ സ്ഥാനത്തിന് ഒരുപാട് വൈകാരികമായ ഉത്തരവാദിത്തങ്ങളുണ്ട്. ആരൊക്കെ തള്ളിപ്പറഞ്ഞാലും എന്നും അമ്മമാരെ ഒപ്പമുണ്ടാകാറുള്ളു. ആ സ്നേഹവും കരുതലും നഷ്ടമാകുമ്പോൾ മാത്രമാണ് പലരും അമ്മയെന്ന വ്യക്തിയുടെ വലിപ്പം മനസിലാക്കൂ. മനുഷ്യനിലായാലും മൃഗങ്ങളിലായാലും അമ്മയുടെ സ്നേഹവും കരുതലും ഒരുപോലെയാണ്. മാതൃവാത്സല്യം വ്യക്തമാക്കുന്ന ഒരു എലിയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
കനത്ത മഴയിൽ വെള്ളം കുത്തിയൊലിച്ച് കയറിയത് എലിമാളത്തിലേക്കാണ്. മാളത്തിൽ വെള്ളം കയറിയാലും എലിക്ക് രക്ഷപ്പെടാൻ എളുപ്പമാണ്. മറ്റൊരിടത്തേക്ക് മാറിയിരുന്നാൽ മതി. എന്നാൽ മാളത്തിനുള്ളിൽ കുഞ്ഞുങ്ങളുമുണ്ടെങ്കിൽ എന്ത് ചെയ്യും?
This will melt you. Just see this mother’s rescue operation. A friend send via whatsapp. pic.twitter.com/1D2rSYUxJi
— Parveen Kaswan, IFS (@ParveenKaswan) July 21, 2020
ഒട്ടും ആലോചിച്ച് നിൽക്കാതെ മഴയെയും കുത്തിയൊലിച്ച് വരുന്ന വെള്ളവും വകവെയ്ക്കാതെ കുഞ്ഞുങ്ങളെ കടിച്ചെടുത്ത് അമ്മയെലി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഒരു കുഞ്ഞിനെപോലും നഷ്ടമാക്കാതെ ആത്മധൈര്യത്തോടെ എലി രക്ഷാപ്രവർത്തനം നടത്തി.
ഈ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഐ എഫ് എസ് ഉദ്യോഗസ്ഥനായ പർവീൻ കാസ്വനാണ് ഈ വീഡിയോ പങ്കുവെച്ചത്. ഈ അമ്മയുടെ രക്ഷാപ്രവർത്തനം നിങ്ങളുടെ ഹൃദയത്തെ സ്പർശിക്കും എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്.
മൃഗങ്ങൾ മനുഷ്യരേക്കാൾ കരുതലോടെയാണ് അവയുടെ മക്കളെ പരിചരിക്കുന്നത്. പൂച്ചയും നായയുമൊക്കെ കുഞ്ഞുങ്ങളുണ്ടാകുന്ന സമയത്ത് അത്രയും കാലം പരിപാലിച്ച മനുഷ്യനോട് പോലും ശത്രുവെന്ന പോലെയാണ് പെരുമാറുക. കാരണം, അത്രയധികം സുരക്ഷിതത്വം മക്കളുടെ കാര്യത്തിൽ മൃഗങ്ങൾ ഉറപ്പാക്കാൻ ശ്രമിക്കുന്നുണ്ട്. വളർന്ന് ഒരു പ്രായമേതും വരെയും ഈ സ്നേഹവും കരുതലും അവ മക്കൾക്ക് നൽകും. മഴക്കാലത്തൊക്കെ തള്ളക്കോഴികളെ ശ്രദ്ധിച്ചാൽ ചില സ്നേഹം നിറഞ്ഞ ,കാഴ്ചകൾ കാണാം. സ്വയം നനഞ്ഞാലും ചിറകിനടിയിലേക്ക് കുഞ്ഞുങ്ങളെ ചേർത്ത് പിടിക്കുന്ന അമ്മയുടെ സ്നേഹത്തിന്റെ കാഴ്ച.
Story highlights-mother rat trying to rescue her children