അഞ്ച് സുന്ദരിമാരുടെ ജീവിതത്തിലെ ചില രസാനുഭവങ്ങളുമായി ‘പ്രഗ്ലി തിങ്‌സ്’; ശ്രദ്ധേയമായി ട്രെയ്‌ലര്‍

July 19, 2020
Pregly Things WebSeries Official Trailer

സിനിമകളെ പോലെത്തന്നെ വെബിസീരീസുകളും ആസ്വാദകര്‍ക്കിടയില്‍ സ്ഥാനം നേടിയിട്ട് കാലങ്ങള്‍ കുറച്ചധികമായി. പലപ്പോഴും സിനിമകളേക്കാള്‍ അധികമായി ചില സീരീസുകള്‍ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കാറുമുണ്ട്. ആസ്വാദക മനസ്സില്‍ സ്ഥാനം നേടാന്‍ പുതിയൊരു വെബ് സീരീസ് ഒരുങ്ങുന്നു. പ്രഗ്ലി തിങ്‌സ് എന്ന് പേരിട്ടിരിക്കുന്ന വെബ് സീരീസിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ട്രെയ്‌ലര്‍ ശ്രദ്ധേയമായി.

പ്രമേയത്തിലെ വ്യത്യസ്തതയും ആവിഷ്‌കാരത്തിലെ മനോഹാരിതയുമെല്ലാം പ്രതിഫലിക്കുന്നുണ്ട് പ്രഗ്ലി തിങ്‌സിന്റെ ട്രെയ്‌ലറില്‍. അഞ്ച് സുന്ദരിമാരുടെ ജീവിതത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് പ്രഗ്ലി തിങ്‌സിന്റെ സഞ്ചാരം. കഴിഞ്ഞ ദിവസം മലയാളികളുടെ പ്രിയ താരങ്ങളായ അജു വര്‍ഗീസും വിഷ്ണു ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ് വെബ്‌സീരീസിന്റെ ട്രെയ്‌ലര്‍ പങ്കുവെച്ചത്.

ദിയ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ എക്‌സ്‌ക്ലൂസിവ് ഒറിജിനല്‍സ് ആണ് പ്രഗ്ലി തിങ്‌സ് ഒരുക്കുന്നത്. നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിശാഖ് നന്ദു സംവിധാനം നിര്‍വഹിക്കുന്നു. സല്‍ജിത് ആണ് ഈ സീരിസിന്റെ നിര്‍മാതാവ്. അതിഥി ചിന്നു, എഞ്ചല്‍ തോമസ്, ജെസ്‌നി അന്ന റോയി, അന്ന ചാക്കോ, മേഘ ജെനിന്‍, ശ്രീജിത്ത് ബാബു, ശ്രീനാഥ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്.

രഞ്ജിത്ത് സുരേന്ദ്രന്‍ ചിത്രസംയോജനവും ച്ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. പാശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഗോഡ്‌വിന്‍ ജിയോ സാബു ആണ്. ഓഡിയോഗ്രാഫി- ഗോപീക ഹരി, ക്രിയേറ്റീവ് ഡയറക്ടര്‍- അമര്‍ ജ്യോത്, പ്രോജക്ട് ഡിസൈനര്‍- അലീന ജോര്‍ജ് എന്നിവരാണ് പ്രഗ്ലി തിങ്‌സിന്റെ മറ്റ് പ്രധാന അണിയറപ്രവര്‍ത്തകര്‍. അരങ്ങിലും അണിയറയിലും ഒട്ടേറെ പുതുമുഖ പ്രതിഭകള്‍ ഒരുമിക്കുന്ന പ്രഗ്ലി തിങ്‌സ് ഉടന്‍തന്നെ തന്നെ സ്ട്രീമിംഗ് തുടങ്ങും എന്ന് സംവിധായകന്‍ വിശാഖ് നന്ദു വ്യക്തമാക്കുന്നു.

Story highlights: Pregly Things WebSeries Official Trailer