പ്രണയപൂർവ്വം ‘അനുഗ്രഹീതൻ ആന്റണി’- ട്രെയ്‌ലർ പങ്കുവെച്ച് മമ്മൂട്ടി

January 16, 2021

മലയാളികളുടെ പ്രിയതാരമായ സണ്ണി വെയ്‌നും 96 എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ ഗൗരി കിഷനും അഭിനയിക്കുന്ന അനുഗ്രഹീതൻ ആന്റണി റിലീസിന് തയ്യാറെടുക്കുകയാണ്. ഇപ്പോഴിതാ, ചിത്രത്തിന്റെ ട്രെയ്‌ലർ നടൻ മമ്മൂട്ടി പുറത്തിറക്കിയിരിക്കുകയാണ്. ചിത്രത്തിന് ആശംസകൾ നേർന്നുകൊണ്ട് തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടി ട്രെയ്‌ലർ പങ്കുവെച്ചത്.

ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രിൻസ് ജോയ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആന്റണി എന്ന കഥാപാത്രത്തിൽ സണ്ണി വെയ്ൻ എത്തുമ്പോൾ സഞ്ജനയായി ഗൗരി കിഷൻ വേഷമിടുന്നു. ഗൗരിയുടെ ആദ്യ മലയാള സിനിമ കൂടിയായണ് അനുഗ്രഹീതൻ ആന്റണി. ആന്റണിയും അയാളുടെ നായയുമായുള്ള ആത്മബന്ധമാണ് ചിത്രത്തിലൂടെ പങ്കുവയ്ക്കുന്നത്. ലക്ഷ്യ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ എം ഷിജിത്താണ് ചിത്രം നിർമിക്കുന്നത്.

ഇടവേളയ്ക്ക് ശേഷം കേരളത്തിൽ തിയേറ്ററുകൾ തുറന്നപ്പോൾ പലയിടങ്ങളിലും അനുഗ്രഹീതൻ ആന്റണിയുടെ ട്രെയ്‌ലർ പ്രദർശിപ്പിച്ചിരുന്നു. ഇപ്പോഴിതാ, പ്രേക്ഷകരിലേക്കും എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ. അരുൺ മുരളീധരൻ സംഗീത സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ ഗാന രചന നിർവഹിച്ചിരിക്കുന്നത് മനു മഞ്ജിത്താണ്. സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങൾക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായാണ് അനുഗ്രഹീതൻ ആന്റണി പ്രേക്ഷകരിലേക്കെത്തുന്നത്.

Read More: ഒറ്റയ്ക്ക് കടലിന് നടുവിൽ സിനിമകൾ ആസ്വദിച്ച് ഒരാഴ്ച- വ്യത്യസ്തമായൊരു ഫിലിം ഫെസ്റ്റിവൽ

മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. ചിത്രത്തിലെ പാട്ടുകൾക്കും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ‘കാമിനി’ എന്ന ഗാനം 21 മില്യണിലധികം ആളുകളാണ് കണ്ടത്. ജിഷ്ണു എസ് രമേശിന്റേയും അശ്വിൻ പ്രകാശിന്റെയും കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിക്കുന്നത് നവീൻ ടി മണിലാൽ ആണ്. സണ്ണി വെയിനിനും ഗൗരിക്കുമൊപ്പം, സിദ്ധിഖ്, ഇന്ദ്രൻസ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈൻ ടോം ചാക്കോ, മാല പാർവതി, മുത്തുമണി, മണികണ്ഠൻ ആചാരി, ജാഫർ ഇടുക്കി എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ അനുഗ്രഹീതൻ ആന്റണിയുടെ ഭാഗമായുണ്ട്. സെൽവകുമാറാണ് ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അപ്പു ഭട്ടതിരി എഡിറ്ററും അരുൺ വെഞ്ഞാറമൂട് ആർട്ട് ഡയറക്ടറുമാണ്. ശങ്കരൻ എ എസും, സിദ്ധാർത്ഥൻ കെ സിയും സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്ന അനുഗ്രഹീതൻ ആന്റണിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിജു ബെർണാഡ് ആണ്.

Story highlights- anugraheethan antony trailer