‘സേതുരാമയ്യര്‍’ വീണ്ടും; ചിത്രീകരണം കൊവിഡിന് ശേഷം

July 1, 2020
S N Swamy about Sethuramayyar 5

ദുരൂഹമരണങ്ങള്‍ക്ക് പിന്നിലെ കാരണം കണ്ടെത്താനെത്തുന്ന സേതുരാമയ്യര്‍ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് മറക്കാനാവില്ല. വെള്ളിത്തിരയില്‍ മമ്മൂട്ടി അവിസ്മരണീയമാക്കിയ സോതുരാമയ്യര്‍ സിബിഐ വീണ്ടുമെത്തുന്നു എന്ന വാര്‍ത്തയും ചലച്ചിത്ര ആസ്വാദകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. സംവിധായകന്‍ കെ മധു, തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി, നിര്‍മ്മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്‍, മമ്മൂട്ടി എന്നിവരുടെ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ് പുതിയ ചിത്രത്തിലൂടെ.

സേതുരാമയ്യര്‍ ചലച്ചിത്ര പരമ്പരയിലെ അഞ്ചാം ഭാഗമായിരിക്കും ഈ ചിത്രം. സിനിമയുടെ ചിത്രീകരണം കൊവിഡിന് ശേഷം ആരംഭിക്കുമെന്ന് തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി പറഞ്ഞു. ട്വന്റിഫോര്‍ എന്റെര്‍ടെയ്ന്‍മെന്റ് ന്യൂസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രേക്ഷകര്‍ക്ക് അപരിചിതമായ ബാസ്‌കറ്റ് കില്ലിംഗ് എന്ന കൊലപാതക രീതിയും അന്വേഷണവുമൊക്കെ പ്രമേയമാക്കിയാണ് അഞ്ചാം ഭാഗം ഒരുങ്ങുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്കൊണ്ടാണ് എസ് എന്‍ സ്വാമി ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയതും.

‘സേതുരാമയ്യര്‍ ഒരു ലെജന്‍ഡ് ആണ്. ആ ഐക്കണില്‍ നിന്നും മമ്മൂട്ടിയെ മാറ്റാന്‍ സാധിക്കില്ല. അങ്ങനെ മാറ്റിയാലും അത് പ്രേക്ഷകര്‍ അംഗീകരിക്കുകയും ഇല്ല. മറ്റുള്ള സിനിമകളില്‍ നിന്നും ഏറെ വ്യത്യസ്തമായിരിക്കും ഈ ചിത്രമെന്നും എസ് എന്‍ സ്വാമി പറഞ്ഞു.

Read more: മകളുടെ വര്‍ക്കൗട്ട് വീഡിയോയിലേക്ക് അമീര്‍ഖാന്റെ സര്‍പ്രൈസ് എന്‍ട്രി; ഒപ്പം ഒരു ‘ഹലോ’യും

1988-ലാണ് സേതുരാമയ്യര്‍ പരമ്പരയിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറിക്കുറിപ്പ് ഇറങ്ങിയത്. തുടര്‍ന്ന് 1989 ല്‍ ജാഗ്രത എന്ന ചിത്രം തിയേറ്ററുകളിലെത്തി. 2004-ല്‍ സേതുരാമയ്യര്‍ സിബിഐയും, 2005-ല്‍ നേരറിയാന്‍ സിബിഐയും വെള്ളിത്തിരയിലെത്തി. ഈ ചിത്രങ്ങള്‍ക്കെല്ലാം പ്രേക്ഷകര്‍ക്കിടയില്‍ വന്‍ വരവേല്‍പാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ ഈ കൂട്ടുകെട്ടില്‍ പുതിയ ചിത്രമൊരുങ്ങുമ്പോള്‍ പ്രതീക്ഷയിലാണ് പ്രേക്ഷകരും.

Story highlights: S N Swamy about Sethuramayyar 5