‘ഒരു സാധു സമൂഹത്തിന്റെ കണ്ടു മുറിഞ്ഞ കാഴ്ചകളും വേദനയുമാണ് എനിക്ക്‌ ‘ചുരുളി’; ലിജോ ജോസ് ചിത്രത്തിനെതിരെ വിമർശനവുമായി സുധ രാധിക

July 4, 2020
churuli

ലിജോ ജോസ് പെലിശ്ശേരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ചുരുളി. സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായ ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതിന് പിന്നാലെ ചിത്രത്തിനെതിരെ വിമർശനവുമായി എത്തുകയാണ് സുധ രാധിക എന്ന യുവതി.

സുധ രാധികയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം:

കോപ്പിയടിച്ച്‌ കോപ്പിയടിച്ച്‌ ഇപ്പൊ പാവത്തുങ്ങടെ നെഞ്ചത്തേക്കായോ മാഷേ. ആന്തോളജി “R factor” വർഷങ്ങൾക്ക്‌ മുൻപ്‌ അമേരികൻ റൈറ്റേഴ്സ്‌ ഗിൽഡിൽ രജിസ്റ്റർ ചെയ്തപ്പോൾ മുതൽ “ചുരുളി” എന്ന പേരും അതിലുണ്ട്‌. ഒരു വർഷത്തിലധികമായി കെഎസ്എഫ്ഡിസിയിൽ ‘ചുരുളി’ സബ്മിഷൻ. അതിനായി വീണ്ടും ഒറ്റയ്ക്ക്‌ എടുത്ത്‌ രജിസ്റ്റർ ചെയ്തതാണ്.

ദീദി എന്റെ സ്ക്രിപ്റ്റ്‌ കുറ്റപ്പെടുത്തിയത്‌ ചില വിഗ്രഹങ്ങളെ ഇകഴ്ത്തുന്നു എന്നതായിരുന്നു. അതിൽ വ്യാജ വിഗ്രഹങ്ങളായ ചില സംവിധായകരുമുണ്ടായിരുന്നു, കെഎസ്എഫ്ഡിസി/ ചലചിത്ര അക്കാദമിയുടെ ഭാഗവും പ്രിയപ്പെട്ടവരുമായ അവരെ പിണക്കുന്ന ഒരു സ്ക്രിപ്റ്റ്,‌ അവരുടെ തന്നെ പരിഗണനയ്ക്ക്‌ അയച്ച ഞാൻ ആരായി! കെഎസ്എഫ്ഡിസി 100% അഴിമതിയിൽ ആ പ്രോജക്‌ട് ‌ സ്വന്തക്കാർക്ക്‌ കൊടുത്തെങ്കിലും എനിക്കത്‌ ഉപേക്ഷിക്കാൻ കഴിയില്ല. അടുത്ത മാസം വളരെ ചെറിയ ബഡ്ജറ്റിൽ അത്‌ സാഷാത്കരിക്കാനുള്ള തയ്യാറെടുപ്പിനിടയിലാണ് അടുത്ത പണി, അതും എട്ടിന്റെ പണി.

അന്താരാഷ്ട്ര ഭീമനായ ലിജോ ജോസ്‌ പല്ലിശ്ശേരിയും “ചുരുളി” അനൗൺസ്‌ ചെയ്തിരിക്കുന്നു. ലോകത്തുള്ള എന്തും കോപ്പിയടിക്കാനും സകല മേളകളിലും വിലകൂടിയ ക്യുറേറ്റേഴ്സ്‌ ഘോരഘോരം മാർക്കറ്റ്‌ ചെയ്യാനും കൂടെയുള്ള, ഐഎഫ്എഫ്‌ഐ, ഐഎഫ്എഫ്കെ അടക്കി വാഴുന്ന ലിജോയോട്‌ ഒരു പടം നേരാം വണ്ണം ചെയ്യാൻ ക്രൂവോ പ്രൊഡ്യൂസറോ ഇല്ലാത്ത ഈ പാവം എങ്ങനെ ഒന്നു പറയും ചുരുളി എന്റെ മാനസ പുത്രിയാണെന്ന്.

സ്വന്തം സൗകര്യങ്ങളും ഉയർച്ചകളും ഉപേക്ഷിച്ച്‌ മൂന്നാലു വർഷം വയനാട്ടിൽ ഒരു സാധുസമൂഹത്തോടൊപ്പം കഴിഞ്ഞതിന്റെ, കണ്ടു മുറിഞ്ഞ കാഴ്ചകളും വേദനയുമാണ് എനിക്ക്‌ ചുരുളി എന്ന്. കച്ചവടമാണ് സിനിമ എന്നു വിജയിച്ചു നിൽക്കുന്നവരോട്‌ ഏറ്റുമുട്ടാൻ നമ്മളില്ല, പക്ഷെ നിയമപരമായി ആ റ്റൈറ്റിൽ ആദ്യം രജിസ്റ്റർ ചെയ്തത്‌ ഞാനാണെന്നൊരു സത്യം അറിയിക്കുന്നു. കഴിയുന്ന പോലെ അത്‌ കളയാതെ നിർത്താൻ ശ്രമിക്കും.

അത്രേള്ളു, മുത്തങ്ങ സമരത്തിന്റെ തലേന്നു രാത്രി ചുരമിറങ്ങുമ്പോൾ നിസ്സഹായത കൊണ്ട്‌ ശ്വാസം പിടഞ്ഞ്‌ ഇരുട്ടിലേയ്ക്ക്‌ തുറന്ന കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. ആ കണ്ണീരിപ്പോഴും നെഞ്ചിലുണ്ട്‌, ഇങ്ങനെ ചില കഥകളായി ആരും കാണാതെ കുഴിച്ചുമൂടപ്പെട്ടവരുടെ. അവർക്ക്‌ വേണ്ടിയാണിത്‌ ചെയ്യുന്നത്‌, നിസ്സഹായയും ഏകാകിയുമായ ഒരു സന്യാസിനിയുടെ കർമ്മം.

Read also: കൊറോണ വൈറസും ഫേസ് മാസ്കും; പഠനങ്ങൾ പറയുന്നത് ഇങ്ങനെ

19 ദിവസങ്ങൾ മാത്രമെടുത്ത് കാടിനുള്ളിൽ ചിത്രീകരിച്ച സിനിമയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി. പെരുമാടനെ പിടിച്ചുകെട്ടാൻ വരുന്ന തിരുമേനിയുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്.

ചെമ്പൻ വിനോദ്, ജോജു ജോർജ്, വിനയ് ഫോർട്ട് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. എസ് ഹരീഷിന്റെ തിരക്കഥയിൽ മൂവി മൊണാസ്ട്രിയും, ചെമ്പോസ്‌കിയും ഒപസ് പെന്റായുമാണ് ‘ചുരുളി’ നിർമ്മിച്ചിരിക്കുന്നത്.

Story Highlights: Sudha Radhika facebook post on Lijo Jose Pellishery Churuli