‘ആദ്യമായി എന്നെ കണ്ടപ്പോൾ ‘ആരെടാ ഇവൻ’ എന്ന ഭാവത്തിലാണ് നോക്കിയത്’- മകന് പിറന്നാൾ ആശംസിച്ച് വിനീത് ശ്രീനിവാസൻ
മക്കൾക്കൊപ്പമുള്ള വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ എപ്പോഴും പങ്കുവയ്ക്കാറുണ്ട് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. ഇപ്പോൾ മകൻ വിഹാന്റെ മൂന്നാം ജന്മദിനത്തിന് ഹൃദയം തൊടുന്ന കുറിപ്പാണ് വിനീത് പങ്കുവയ്ക്കുന്നത്. മകൻ ജനിച്ചത് മുതൽ മൂന്ന് വർഷക്കാലം എങ്ങനെയായിരുന്നു എന്ന് വിഹാന്റെ ചിത്രത്തോടൊപ്പം വിനീത് കുറിക്കുന്നു.
‘ദേഷ്യ മുഖഭാവത്തോടെയാണ് അവൻ ജനിച്ചത്. അന്ന് രാവിലെ ഓപ്പറേഷൻ തിയേറ്ററിനു മുൻപിൽ എന്നെ ആദ്യമായി കണ്ടപ്പോൾ ‘ആരെടാ ഇവൻ’ എന്ന ഭാവത്തിലാണ് നോക്കിയത്. മെല്ലെ അവന്റെ വിശ്വാസം നേടിയെടുക്കാൻ എനിക്ക് സാധിച്ചു. തീരെ ചെറുപ്പത്തിലും എന്റെ നെഞ്ചിൽ കിടന്നുറങ്ങുമായിരുന്നു, കുഞ്ഞ്. ഞാൻ ധാരാളം നോൺ-വെജ് കഴിക്കുന്നതിനാൽ എന്റെ ശരീരം എപ്പോഴും ഊഷ്മളമായിരിക്കുമെന്നും അത് കുഞ്ഞിന് വലിയ ഇഷ്ടമാണെന്നും ദിവ്യ പറയുമായിരുന്നു.
പപ്പാ എന്നാണ് അവൻ ആദ്യമായി പറഞ്ഞത്. ദിവ്യ അവന്റെ കാര്യങ്ങളെല്ലാം പൂർണമായും നോക്കുന്ന സമയത്ത് മമ്മ എന്നവൻ വിളിക്കാത്തതിൽ ദിവ്യക്ക് പരിഭവമായിരുന്നു. അവൻ തറയിലിഴയുന്നതും നടക്കുന്നതുമെല്ലാം ഞാൻ കണ്ടു. എന്നെ പോലെ അവനും നടക്കാൻ ഇഷ്ടപ്പെടുന്നു.
അവനു മൂന്നു മാസം പ്രായമുള്ളപ്പോഴാണ് ഞങ്ങൾക്കൊപ്പം അവൻ ആദ്യമായി ഇന്റർനാഷണൽ ഫ്ളൈറ്റിൽ യാത്ര ചെയ്യാൻ തുടങ്ങിയത്. വിഹാന്റെ കാലിനടിയിലെ മാറുകാണ് ഇതിന് കാരണമെന്ന് അവന്റെ ‘അമ്മ പറയുന്നു. ഷനായയെ എന്നും ഏറ്റവും സ്നേഹത്തോടെ അവൻ ചുംബിക്കുന്നു.
Read More: പ്രണയത്തിന്റെ മനോഹാരിത പറഞ്ഞ് സൂഫിയും സുജാതയും ചിത്രത്തിലെ ഗാനം
എന്നും രാവിലെ അവനാണ് ആദ്യം ഉണരുന്നത്. ഏറ്റവും ഉച്ചത്തിൽ അലറാൻ അവനു കഴിവുണ്ട്. എന്നാൽ ഷനായ ഉറക്കമാണെങ്കിൽ അവൻ ശബ്ദം താഴ്ത്തും. അവന്റെ ഹൃദയത്തിൽ സ്നേഹമുണ്ട്. വിഹാന് ഇന്ന് മൂന്നു വയസ്. ജീവിതം എങ്ങനെ മാറിയിരിക്കുന്നു എന്നതാണ് ആശ്ചര്യപ്പെടുത്തുന്നത്’- വിനീത് കുറിക്കുന്നു.
Story highlights- vineeth sreenivasan about son