‘മലപ്പുറത്തെ ജനങ്ങൾക്ക് സല്യൂട്ട്, വേദനയിലൂടെ കടന്നുപോകുന്ന കുടുംബങ്ങളുടെ സങ്കടത്തിൽ പങ്കുചേരുന്നു’- കരിപ്പൂർ അപകടത്തിൽ അനുശോചനമറിയിച്ച് സൂര്യ
രാജ്യത്തെ തന്നെ ദുഃഖത്തിലാഴ്ത്തിയ സംഭവമായിരുന്നു കരിപ്പൂർ വിമാനാപകടം. പുലർച്ചെ രാജമലയിൽ ഉരുൾപൊട്ടലുണ്ടായതിന്റെ ആഘാതം മാറുംമുൻപാണ് വൈകിട്ട് കരിപ്പൂരിൽ വിമാനം തെന്നിമാറി അപകടം സംഭവിച്ചത്. ഇപ്പോൾ തമിഴ് നടൻ സൂര്യ സംഭവത്തിൽ അനുശോചനം അറിയിച്ചിരിക്കുകയാണ്.
‘വേദനയിലൂടെ കടന്നുപോകുന്ന കുടുംബങ്ങളുടെ സങ്കടത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർക്ക് വേഗം സുഖം പ്രാപിക്കാൻ കഴിയട്ടെയെന്ന് പ്രാർത്ഥിക്കുന്നു. മലപ്പുറത്തെ ജനങ്ങൾക്ക് എന്റെ സല്യൂട്ട്, പൈലറ്റുമാരോട് ബഹുമാനം’- സൂര്യ ട്വിറ്ററിൽ കുറിക്കുന്നു.
സ്വന്തം ജീവൻ പോലും പണയപ്പെടുത്തി നൂറുകണക്കിനാളുകളാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. വന്ദേഭാരത് മിഷന്റെ ഭാഗമായി എത്തുന്ന വിമാനത്തിൽ കൊവിഡ് ബാധിതരുണ്ടാകാം എന്ന ബോധ്യത്തോടെ തന്നെയാണ് പ്രോട്ടോകോൾ പോലും മറികടന്ന് ആളുകളുടെ ജീവൻ രക്ഷിക്കാൻ പ്രദേശവാസികൾ ഓടിയെത്തിയത്.
കനത്ത മഴയിലും ആംബുലൻസിനും അഗ്നിസുരക്ഷാ സേനയ്ക്കും പോലീസിനുമൊന്നുമായി കാത്തുനിൽക്കാതെ സ്വന്തം വാഹനങ്ങളിലാണ് ആളുകൾ അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചത്. തികച്ചും മാതൃകാപരമായ രക്ഷാപ്രവർത്തനത്തിലൂടെ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാൻ സാധിച്ചു.
വെള്ളിയാഴ്ച രാത്രി 7.45 ഓടെയായിരുന്നു കരിപ്പൂർ വിമാനത്താവളത്തിൽ അപകടം സംഭവിച്ചത്. വിമാനം ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിൽ നിന്നും തെന്നിമാറിയാണ് അപകടം ഉണ്ടായത്. ദുബായ്- കോഴിക്കോട് 1344 എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഇതുവരെ 19 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിരവധിപ്പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Story highlights-actor surya salutes the people of malappuram for karipur rescue