ക്വാറന്റീൻ ദിവസങ്ങൾ കഴിഞ്ഞിറങ്ങുമ്പോൾ കടപ്പെട്ടിരിക്കുന്നത് ഒരാളോട് മാത്രം; വൈറലായി യുവാവിന്റെ കുറിപ്പ്
കൊറോണ വൈറസ് വ്യാപനത്തിന്റെ പാശ്ചാത്തലത്തിൽ സംസ്ഥാനത്തിന് പുറത്തുനിന്നെത്തുവർ ക്വാറന്റീനിൽ കഴിയണം. മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കി താമസിക്കേണ്ട ഈ കാലഘട്ടം വളരെയധികം കാഠിന്യമേറിയതാണ് എന്നാണ് മിക്കവരും പറയുന്നത്. അത്തരത്തിൽ ക്വാറന്റൈൻ ദിവസങ്ങൾ കഴിഞ്ഞിറങ്ങുമ്പോൾ കടപ്പാടോടെ ഓർക്കേണ്ട ഒരു വ്യക്തിയെക്കുറിച്ച് പങ്കുവയ്ക്കുന്ന കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
മലപ്പുറം അരീക്കോട് സ്വദേശിയും പ്രവാസിയുമായ ബാസിൽ കോളക്കോടൻ ആണ് എല്ലാ ദിവസവും തനിക്ക് ഭക്ഷണം എത്തിച്ച് നൽകിയ സഹോദരന്റെ മകളെപ്പറ്റിയുള്ള ഹൃദ്യമായ കുറിപ്പ് പങ്കുവച്ചത്. ഭക്ഷണവുമായി നടന്നുവരുന്ന സന എന്ന കൊച്ചുപെൺകുട്ടിയുടെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട് ബാസിൽ.
ബാസിലിന്റെ കുറിപ്പ് വായിക്കാം:
28 ദിവസത്തെ ക്വാറന്റൈൻ കഴിഞ്ഞിറങ്ങുമ്പോൾ പറയാനുളളത് ഒരാളെ കുറിച്ച് മാത്രമാണ്. 28 ദിവസം ഞാന്‍ ഏറ്റവും കടപ്പെട്ടിരിക്കുന്ന ഒരാളെ കുറിച്ച്. ഒരുപാട് അകലെ താഴെ നിന്ന് എന്നും വലിയൊരു കയറ്റവും കയറി വരുന്ന ഇവളെ കുറിച്ചാണ് പറഞ്ഞു വരുന്നത്.
ഏറ്റവും കുറഞ്ഞ പ്രായത്തില്‍ തന്നെ എനിക്ക് മുന്നാകെ സുന്ദരമായ വലിയൊരു കടപ്പാട് വരച്ചു കാണിച്ചവൾ. ഈ കടപ്പാടിന് ഞാനെന്ത് തിരിച്ചു നൽകിയാലാണ് പകരം ആവുക എന്ന് അറിയില്ല. ഇത് നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത് പോലും അവൾക്ക് നൽകുന്നൊരു അംഗീകാരമായി ഞാന്‍ കാണുന്നു… എല്ലാം പറയുന്ന എന്റെ സോഷ്യല്‍ മീഡിയ ഇടത്തിൽ അവളെ കുറിച്ച് പറഞ്ഞില്ലെങ്കിൽ അതൊരു നൊമ്പരമായി വിങ്ങലായി ബാക്കി നിൽക്കും.
അസ്‌ലഹ ലത്തീഫ് എന്ന ഞങ്ങളുടെ പ്രിയപ്പെട്ട സന. എന്റെ ജേഷ്ഠന്‍റെ (അബ്ദുല്ലത്തീഫ്) രണ്ടാമത്തെ മോളാണ്. സത്യം പറഞ്ഞാ ഇവളാണ് എന്നെ നോക്കിയത് എന്ന് തന്നെ ഞാന്‍ പറയുന്നു. ഏകദേശം 26 ദിവസവും ഇവളാണ് രാവിലെയും ഉച്ചക്കും ഉളള ഭക്ഷണം എത്തിക്കുക. തൊട്ടടുത്ത് നിന്നല്ല ഈ എത്തിക്കുന്നത്. ക്വാറന്റൈൻ നിൽക്കുന്ന തറവാട് വീടിന് കുറച്ചു ദൂരത്തിൽ താഴെയുളള അവളുടെ വീട്ടിൽ നിന്നും ആണ് ഭക്ഷണം എത്തിക്കുക. അത്ര പെട്ടെന്ന് കയറി വരാൻ പ്രയാസപ്പെടുന്ന, പലരും കയറി വന്നതിന് ശേഷം നിന്ന് കുറച്ചു ദീർഘ ശ്വാസം വിടുന്ന വഴിയിലൂടെ ഒരുപാടു ദൂരം നടന്ന് ആ വലിയ കയറ്റവും കയറി അവൾ വരും എന്നും. എന്റെ വീട് അറിയുന്നവർക്ക് അറിയാം ആ കയറ്റം.
കോരിച്ചൊരിയുന്ന മഴയും ഉണ്ടാവാറുണ്ട്. ഏകദേശം എല്ലാ ദിവസവും നല്ല മഴയുണ്ടായിട്ടുണ്ട്. അത്ര ബലമൊന്നും ആവാത്ത ആ കുഞ്ഞു കാലുകളും വച്ച് മാസ്കണിഞ്ഞ് ഒരു കൈയിൽ മഴയെ തടഞ്ഞു നിർത്താനുളള കുടയും മറു കൈയിൽ രണ്ട് കീസുകളായുളള ഭക്ഷണ പൊതിയും വച്ച് അവൾ ആ വലിയ കയറ്റവും കയറി വരുമ്പോൾ സത്യം പറഞ്ഞാ എന്റെ ഉള്ളിന്റെ ഉളളില്‍ വല്ലാത്തൊരു അവസ്ഥ വരാറുണ്ട്. ആ ചെറിയ ശരീരത്തിലെ വലിയ മനസ്സിന് മുന്നില്‍ വീണു പോവുക എന്നൊക്കെ പറയും പോലെ…
കൊവിഡ് കാലത്ത് പല അവഗണനകളും ആട്ടിയോടിക്കലും ഭക്ഷണം കൊണ്ട് വന്നവരെ ശത്രുക്കളായി പോലും കണ്ട ചില വാർത്തകളും വർത്തമാനങ്ങളും അന്തരീക്ഷത്തില്‍ നില നിൽക്കുന്നതിനിടെയിലൂടെയാണ് എറ്റവും ഹൃദ്യമാവുന്ന സ്നേഹം നിറച്ച് ഒരുപാട് ത്യാഗം ചെയ്തു ഇവൾ അകലെ നിന്നും വലിയൊരു കയറ്റവും കയറി എന്റെ അരികിലേക്ക് എന്നും നടന്നു വന്നത്…
താഴെ നിന്ന് ഫോൺ വിളിക്കും. “ബാസിലാക്കാ ഭക്ഷണം കൊണ്ടോരാണ്. കറി ഒഴിക്കാൻ പുറത്ത് ഒരു പാത്രം വെക്കോ” ന്ന് ഒരു ചോദ്യാണ്. പിന്നെ കയറ്റവും കയറി വീട്ട് മുറ്റത്ത് എത്തിയാ ഒരു വിളിയാണ്. വന്ന് ശ്രദ്ധാപൂര്‍വം കാര്യങ്ങള്‍ ചെയ്ത് ഭക്ഷണം മുന്നില്‍ വച്ച് തരുമ്പോ പലപ്പോഴും പാവം തോന്നിപ്പോവാറുണ്ട്.
എനിക്കെത്ര ഭക്ഷണം വേണമെന്നതിന്റെ അവളെ മനസ്സിലുളള അളവ് വച്ച് അവള് തന്നെയാണ് ഭക്ഷണം പൊതിയലും. മറ്റാരെയും എനിക്ക് ഭക്ഷണം കൊണ്ടു തരുന്നതിൽ അവൾക്ക് താല്പര്യവും ഇല്ല എന്നതാണ് യാഥാര്‍ഥ്യം. അവൾക്ക് തന്നെ ഭക്ഷണം എത്തിച്ച് തരണം. അതുകൊണ്ട് തന്നെ പലപ്പോഴും ഭക്ഷണം എത്തിക്കാന്‍ ആളില്ലാത്ത സന്ദര്‍ഭം കൂടി ഉളളതിനാല്‍ അതിന്റെ ആ പ്രതിസന്ധി അവളുടെ ഏറ്റെടുക്കൽ കൊണ്ട് ഇല്ലാതായി. ഭക്ഷണം കൊണ്ട് വരുമ്പോഴും തിരിച്ചു പോവുമ്പോഴും സാനിറ്റൈസർ ഉപയോഗിച്ച് സുരക്ഷിതമാക്കി ആരോഗ്യ വകുപ്പിന്റെ നിർദേശമൊക്കെ കൃത്യമായി പാലിച്ചാണ് അവളുടെ എല്ലാ പ്രവർത്തനങ്ങളും. നീ ഭക്ഷണം കഴിച്ചോ എന്ന് ചോദിച്ചപ്പോൾ “നിങ്ങള്‍ക്ക് തന്നിട്ടേ ഞാന്‍ കഴിക്കൂ” എന്നാണ് മറുപടി പറഞ്ഞത്. എനിക്ക് ഭക്ഷണം നൽകി തിരിച്ചു പോന്നാലേ അവൾക്ക് സംതൃപ്തി ലഭിക്കുന്നുളളൂ.
അതിന് പുറമേ കുടിവെള്ളം കഴിഞ്ഞപ്പോൾ മുകളിലെ വീട്ടില്‍ പോയി അവരോടു പറഞ്ഞു എനിക്ക് വെളളം കിണറ്റിൽ നിന്നും എത്തിച്ചതും ഇവൾ കാരണമാണ്. ഞാന്‍ അവരോട് ഫോൺ വിളിച്ച് പറഞ്ഞോളാന്ന് പറഞ്ഞപ്പോൾ “നിങ്ങളിപ്പോ അവരെ വിളിക്കൊന്നും ഇല്ല. ഞാന്‍ പോയി പറഞ്ഞോളാ”ന്ന് പറഞ്ഞു വീണ്ടും ഒരു കയറ്റം കൂടി കയറി അവരോടു പറഞ്ഞു വെളളവും എത്തിച്ച് തന്നു. അവൾക്ക് അതിൽ നിന്നും മുക്കിത്തരാൻ പറ്റാത്തത് കൊണ്ട് മാത്രം.
ഇവളെ ജേഷ്ടത്തി അഫുവിനോട് ഫോണിൽ ഞാന്‍ പറയും ‘അല്ല അഫ് ലഹാ നിനക്ക് മടി ആയിട്ടല്ലേ ഈ പാവം ഈ കയറ്റം കയറി കൊണ്ടോര്ണത് ‘ എന്ന്… അപ്പോ അഫുവിന്റെ മറുപടി ..!”ഞാന്‍ കൊണ്ട് വരാന്‍ ഓള് സമ്മയ്ക്കൂല.. ഓൾക്കെന്നെ കൊണ്ടോരണം എന്നാണ്..”
ഇതൊക്കെ അവളുടെ മനസ്സിലെ എനിക്കുളള സ്ഥാനമാണ്. ഞങ്ങള്‍ തമ്മിലുളള, വീട്ടിലെ ഒരോ മക്കൾസും ഞാനും തമ്മിലുളള ആത്മബന്ധത്തിന്റെ അത്രയും തീവ്രമായ മുഖം. പടച്ചോന്‍ ഭൂമി സ്വർഗമാക്കാൻ തന്ന അനുഗ്രഹങ്ങൾ അവരാണ്.. എന്റെ ഭൂമിയിലെ സ്വർഗം അവരൊക്കെയാണ്. ആ ഹൃദ്യമായ വാക്കുകള്‍ക്കതീതമായുളള അവരും ഞാനും തമ്മിലുളള ‘പ്രണയ’ത്തിൽ തന്നെ ഒരിത്തിരി പ്രണയം കൂടുതല്‍ ഇവൾക്കാണെന്ന് തോന്നാറുണ്ട്. അതിന്റെ കാഴ്ചയാണ് ക്വാറന്റൈനിൽ ഇരിക്കുന്ന എനിക്ക് ഭക്ഷണം നൽകാൻ ഞാന്‍ തന്നെ മതിയെന്ന അവള് കാണിച്ച് തന്നത്.
പലപ്പോഴും എനിക്ക് ഭയം ഉണ്ടായിട്ടുണ്ട്. എനിക്ക് കോവിഡ് പ്രശ്നം ഉണ്ടെങ്കില്‍ എന്നും ഭക്ഷണം എത്തിച്ചതിന്റെ പേരിൽ അവൾക്ക് ഒന്നും വരാതിരിക്കണേ എന്ന് പ്രാർഥിച്ചു. പിന്നെ ഞാന്‍ മനസ്സില്‍ ചിന്തിച്ചു. കുഞ്ഞു പ്രായത്തില്‍ ഉളളാകെ സ്നേഹം നിറഞ്ഞ് ഒരു വലിയ ത്യാഗം ചെയ്ത ആ നിഷ്കളങ്ക മനസ്സിന് മുന്നില്‍ എനിക്ക് ഇനി കോവിഡ് ഉണ്ടെങ്കില്‍ കൂടി അവളെ ശരീരത്തിനരികിൽ നിന്നും ആ കോവിഡ് തോറ്റ് പിൻമാറിപ്പോവുമെന്ന്.
അവൾക്ക് വേണ്ടി എഴുതിയപ്പോൾ മനസ്സില്‍ വന്ന വേറേ ചില കാര്യങ്ങള്‍ ഉണ്ട്… പ്രകടിപ്പിക്കാത്ത സ്നേഹം ആർക്കും വേണ്ടാത്തതാണ് എന്ന് പറയാറുണ്ട്. നമ്മുടെ മുന്നിലെത്തുന്ന നിഷ്കളങ്കരായ കുട്ടികൾക്ക് നമ്മിൽ നിന്നും അവർ ആഗ്രഹിക്കുന്ന പരിധിയില്ലാത്ത സ്നേഹം തിരികെ നൽകാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ… പലർക്കും കഴിയാറുണ്ടെങ്കിലും അതിന് തയാറാവാത്ത ഒരുപാട് പേരുണ്ട്. കുട്ടികളെ അവഗണിക്കുന്നവർ. കുട്ടികളെ വല്ലാതെ പ്രയാസപ്പെടുത്തുന്നവർ. എങ്ങനെയാണ് സ്വന്തം ഉദരത്തില്‍ നിന്നും ഒരുപാടു സ്നേഹം കൊതിച്ച് വന്ന പിച്ച വച്ച് തുടങ്ങിയിട്ട് മാത്രമുളള ഇളം ശരീരങ്ങളിൽ ചൂടുളള ചട്ടുകങ്ങൾ കൊണ്ടും വടികൾക്കൊണ്ടും തല്ലിച്ചതച്ചു പാടുണ്ടാക്കാൻ മാതാവിനും ജന്മം നൽകിയ പിതാവിനും കഴിയുന്നത്. എങ്ങനെയാണാവോ അവരെ തെരുവിൽ എവിടെയോ കിടത്തി തിരിച്ചു നടക്കാനും അവരുടെ കുഞ്ഞു ശ്വാസം ഇല്ലാതാക്കാനമൊക്കെ ജന്മം നൽകിയവർക്ക് പറ്റുന്നത്.
ഇവളെ കുറിച്ച് നിങ്ങളോടൊക്കെ ഒന്ന് പറഞ്ഞില്ലെങ്കിൽ അത് അവളോടു ചെയ്യുന്ന ‘അനീതി’ യായി പോലും ഞാന്‍ കാണുന്നു. അത്രയും ചെയ്തിട്ടുണ്ട് അവൾ. അവൾക്ക് ചെയ്യാന്‍ പറ്റിയതിനേക്കാൾ..
അതിന് രാവിലെ ഭക്ഷണം കൊണ്ടു വന്ന സമയത്ത് എടുത്ത വീഡിയോ ആണ്. പ്രിയപ്പെട്ട സനക്കുട്ടിയെ നിങ്ങള്‍ക്ക് മുന്നില്‍ സ്നേഹപൂർവ്വം എഴുതി നൽകുന്നു…
Story Highlights: Basil facebook post on quarantine days