‘നീ ഞങ്ങളെ വിട്ടുപോയതിന് ശേഷമുള്ള 900 ദിനങ്ങൾ’- ശ്രീദേവിയുടെ ഓർമ്മയിൽ ഹൃദയം തൊടുന്ന കുറിപ്പുമായി ബോണി കപൂർ
ഇന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാറായി നിലനിന്ന ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തിൽ നിന്നും ആരാധകർ ഇന്നും മോചിതരായിട്ടില്ല. എന്നും സിനിമയിൽ മുഖശ്രീയായി വിളങ്ങി നിന്ന ശ്രീദേവിയുടെ അൻപത്തിയേഴാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. ശ്രീദേവിയുടെ സിനിമാ ജീവിതത്തിന്റെ ഓർമ്മകൾ ഒട്ടേറെപ്പേർ പങ്കുവെച്ചെങ്കിലും വിടപറഞ്ഞതിനു ശേഷമുള്ള 900 ദിനങ്ങളെകുറിച്ചാണ് ഭർത്താവ് ബോണി കപൂർ പങ്കുവയ്ക്കുന്നത്.
ഹൃദയസ്പർശിയായ ഒരു കുറിപ്പാണ് ബോണി കപൂർ ശ്രീദേവിക്കൊപ്പമുള്ള ചിത്രത്തിനൊപ്പം പങ്കുവെച്ചത്.
‘നീ ഞങ്ങളെ വിട്ടുപോയ 900 ദിവസങ്ങളിലും ഓരോ സെക്കൻഡിലും നിന്നെ മിസ് ചെയ്യുന്നു. പക്ഷെ, ഇന്ന് ഗുഞ്ജൻ സക്സേനയിലെ ജാനുവിന്റെ പ്രകടനത്തിന് മികച്ച പ്രതികരണം ലഭിക്കുമ്പോൾ നിന്റെ മുഖത്ത് വിരിയേണ്ടിയിരുന്ന സന്തോഷം കാണാൻ നീ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുകയാണ്. നീയില്ലാതെ ഞങ്ങളുടെ സന്തോഷം അപൂർണ്ണമാണ്. ജന്മദിനാശംസകൾ..’.
2018 ഫെബ്രുവരി 24നാണ് ശ്രീദേവി ദുബായിലെ ഹോട്ടലിൽ ബാത്ത് ടബ്ബിൽ വീണു മരിച്ചത്. മകൾ ജാൻവി കപൂറിന്റെ സിനിമാ അരങ്ങേറ്റം കാണണമെന്ന് ഏറെ കൊതിച്ച ശ്രീദേവി, ചിത്രത്തിന്റെ റിലീസിന് മുൻപ് വിടവാങ്ങിയിരുന്നു. ജാൻവി നായികയായ നാലാമത്തെ ചിത്രമാണ് ‘ഗുഞ്ജന്‍ സക്സേന; ദ കാർഗിൽ ഗേൾ’.
ജാൻവി കപൂറും പങ്കജ് ത്രിപാഠിയുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. അടുത്തിടെയിറങ്ങിയ ബയോപിക്കുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഗുഞ്ജന്‍ സക്സേന. പുതുമുഖ സംവിധായകൻ ശരൺ ശർമ്മ സംവിധാനം ചെയ്ത ചിത്രം ഏപ്രിൽ 24ന് തിയേറ്ററുകളിലേക്ക് എത്താനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്നാൽ ലോക് ഡൗൺ പ്രതിസന്ധിയെ തുടർന്ന് നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയായിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ശ്രീദേവിയുടെ ജന്മദിനത്തിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.
Story highlights- Boney kapoor about sridevi