അനുഗ്രഹം നൽകാൻ ഒരു പൂച്ച സന്യാസി; മ്യാവു മ്യാവു ക്ഷേത്രത്തിന്റെ രസകരമായ വിശേഷങ്ങൾ
വളർത്തു മൃഗങ്ങളോടുള്ള സ്നേഹവും വാത്സല്യവും കൊണ്ട് അവയ്ക്കായി വീട് നിർമ്മിക്കുന്നവരെ കുറിച്ച് കേട്ടിട്ടില്ലേ? അവയോടുള്ള സ്നേഹത്തിന്റെ പേരിൽ എന്തും ചെയ്യാൻ മടിക്കാത്തവരുണ്ട്. പൂച്ചകളോടുള്ള സ്നേഹം വർധിച്ച് അത് ആരാധനയായി മാറിയപ്പോൾ ഒരു ക്ഷേത്രം തന്നെ നിർമ്മിച്ചു നൽകിയിരിക്കുകയാണ് ചിത്രകാരനായ ടോറു കായ.
വളരെ പ്രസിദ്ധമാണ് ഈ പൂച്ച ക്ഷേത്രം. ജപ്പാനിലെ ക്യോട്യോവിലാണ് ന്യാൻ ന്യാൻ ജി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മ്യാവു മ്യാവു ക്ഷേത്രമെന്നും അറിയപ്പെടുന്നുണ്ട്. ഈ ക്ഷേത്രത്തിന്റെ പ്രത്യേകത ഇവിടെ ആരാധനയ്ക്കായി എത്തുന്നവർക്ക് അനുഗ്രഹം നൽകുന്നത് പൂച്ചകളാണ്. കൊയൂകി എന്ന പൂച്ചയാണ് ഇവിടെ പ്രധാന സന്യാസിയായി ദർശനം നൽകുന്നത്.
രസകരമെന്നു തോന്നാമെങ്കിലും ടോറു കായയുടെ പൂച്ച പ്രേമമാണ് ഇങ്ങനൊരു ക്ഷേത്രത്തിന് പിന്നിൽ. കൊയൂകിയെ കൂടാതെ ഏഴു പൂച്ചകൾ കൂടി ഈ ക്ഷേത്രത്തിലുണ്ട്. എങ്കിലും ആരാധകർ ഏറെയുള്ളത് കൊയൂകിക്കാണ്. കാരണം, ആളുകളോട് വലിയ അടുപ്പം പ്രകടിപ്പിക്കാറുണ്ട് കൊയൂകി. സ്വന്തമായി ഇൻസ്റ്റാഗ്രാം പേജും ഈ കൊയൂകി സന്യാസിക്കുണ്ട്.
തന്നെ കാണാൻ ആളുകൾ എത്തുന്നതൊക്കെ വലിയ ഇഷ്ടമാണ് കൊയൂകി സന്യാസിക്ക്. സന്യാസി പൂച്ചകളെ ഒമാനിക്കാനും ആരാധിക്കാനും മാത്രമല്ല ഈ ക്ഷേത്രം. ഇഷ്ട വിഭവങ്ങളും ലഭിക്കും. പക്ഷെ, പണം നൽകണമെന്നു മാത്രം. ഭക്ഷണം വിളമ്പാൻ ഉപയോഗിക്കുന്ന പാത്രങ്ങളിലും ഉപകരണങ്ങളിലുമെല്ലാം ഒരു പൂച്ച ടച്ചുമുണ്ട്.
Story highlights- cat temple in japan