മീന്‍ പിടിക്കാന്‍ പക്ഷിയുടെ ബുദ്ധിപൂര്‍വ്വമായ ‘തന്ത്രം’; അതിശിയിച്ച് സമൂഹമാധ്യമങ്ങള്‍: വീഡിയോ

August 21, 2020
Clever bird uses bait to catch fish viral video

ഫിഷിങ് പലര്‍ക്കും ഇഷ്ടപ്പെട്ട ഹോബിയാണ്. ചിലര്‍ക്ക് ജീവിത മാര്‍ഗവും. വല വീശിയും ചൂണ്ട ഉപയോഗിച്ചുമെല്ലാം പലരും മീന്‍ പിടിക്കുന്നത് നിത്യകാഴ്ചയാണ്. ഇനി പക്ഷികളുടെ മീന്‍പിടുത്തത്തെക്കുറിച്ച്, ഉയരത്തില്‍ പറക്കവെ വെള്ളത്തില്‍ മീനിനെ കാണുമ്പോള്‍ താഴേക്ക് കുതിച്ച് മീനുമായി പറന്നുയരുന്ന പക്ഷികളേയും നാം ഇടയ്ക്കിടെ കാണാറുണ്ട്.

എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത് മീന്‍പിടുത്തത്തില്‍ പ്രായോഗിക ബുദ്ധി കൃത്യമായി പ്രയോഗിച്ച ഒരു പക്ഷിയുടെ വീഡിയോയാണ്. ബുദ്ധിപൂര്‍വ്വമായ തന്ത്രമുപയോഗിച്ചാണ് പക്ഷിയുടെ മീന്‍ പിടുത്തം. ഒരു കുളത്തിന്റെ സമീപത്തായി എത്തിയ പക്ഷി ചുണ്ടില്‍ ചെറിയൊരു ഇരയേയും കരുതി. വെള്ളത്തിലേക്ക് ഇരയെ ഇട്ടശേഷം അത് എടുക്കാന്‍ വരുന്ന മീനിനെ അതിവിദഗ്ധമയി പക്ഷി കൊത്തി പിടിക്കുന്നു. എന്തായാലും സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു ഈ പക്ഷിയുടെ തന്ത്രം.

സോഷ്യല്‍മീഡിയ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചേറെയായി. അതുകൊണ്ടുതന്നെ രസകരവും കൗതുകം നിറഞ്ഞതുമായ വീഡിയോകള്‍ ഇത്തരത്തില്‍ അതിവേഗം സൈബര്‍ ഇടങ്ങളില്‍ വൈറലാകാറുമുണ്ട്. മൃഗങ്ങളുടേയും പക്ഷികളുടേയുമൊക്കെ ചില രസക്കാഴ്ചകള്‍ പലപ്പോഴും അതിശയിപ്പിക്കാറുണ്ട് നമ്മെ.

Story highlights: Clever bird uses bait to catch fish viral video