എന്നെ മാത്രം കൊവിഡ് ബാധിക്കില്ലെന്ന് കരുതി നടക്കുന്ന സമൂഹത്തിന് സംഭവിക്കുന്നത്- സരസമായ ബോധവൽക്കരണവുമായി ‘മെയ്‌ഡ്‌ ഇൻ ചൈന’

August 13, 2020

സമൂഹ വ്യാപനം വളരെ ഗുരുതരമായൊരു സാഹചര്യത്തിലാണ് ഇന്ന് കേരളം. ദിനംപ്രതി സമ്പർക്കത്തിലൂടെയുള്ള കൊവിഡ് രോഗബാധ വർധിക്കുകയാണ്. സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും മാസ്ക് ധരിക്കുന്നതിന്റെ പ്രാധാന്യവും മനസ്സിലായിട്ടും എന്നെ ഇതൊന്നും ബാധിക്കില്ല എന്ന ചിന്താഗതിയാണ് സമൂഹത്തിനെ അപകടത്തിലാക്കുന്നത്. ഈ അവസ്ഥയെ വളരെ ലളിതവും സരസവുമായ രീതിയിൽ അവതരിപ്പിക്കുകയാണ് ‘മെയ്‌ഡ്‌ ഇൻ ചൈന’ എന്ന ഹ്രസ്വ ചിത്രം.

മനുഷ്യ ശരീരത്തിൽ പ്രവേശിക്കാൻ സാധിക്കാതെ നടക്കുന്ന രണ്ട് കൊറോണ വൈറസുകളുടെ ചിന്തയിലൂടെയാണ് ‘മെയ്‌ഡ്‌ ഇൻ ചൈന’ പ്രേക്ഷകരിലേക്ക് എത്തുന്നത്. ജനങ്ങളുടെ അലസമായ മനോഭാവവും കൊവിഡ് ബാധിക്കില്ലെന്ന ആത്മവിശ്വാസവുമൊക്കെ വളരെ ചുരുങ്ങിയ സമയംകൊണ്ട് ഇല്ലാതാകുന്നത് ഈ ഹ്രസ്വ ചിത്രത്തിലൂടെ കാണാൻ സാധിക്കും.

‘മെയ്‌ഡ്‌ ഇൻ ചൈന’ക്ക് ആശംസയറിയിച്ച് സിനിമാതാരം മണിയൻപിള്ള രാജു പറഞ്ഞ വാക്കുകൾ ഇങ്ങനെ;’ എന്നെ മാത്രം കൊവിഡ്-19 ബാധിക്കില്ല എന്ന് കരുതി നടക്കുന്ന ചിലരുണ്ട്. ചിലരല്ല, ഒരുപാട് പേരുണ്ട്. സമൂഹ വ്യാപനം ഇത്ര ക്രമാതീതമായി വർധിക്കുന്നതിന് ഒരു പ്രധാന കാരണം ഇവരുടെ ഈ ചിന്താഗതി തന്നെയാണ്. നമ്മുടെ ആരോഗ്യ പ്രവർത്തകരും പോലീസ് സേനയും നൽകുന്ന നിർദേശങ്ങൾ അനുസരിക്കണം. ഭയമില്ല, ജാഗ്രതയാണ് വേണ്ടത്’.

പുനലൂർ റെജിയുടെ കഥയിൽ ഹ്രസ്വ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ബിജു വർഗീസാണ്.ചീഫ് അസ്സോസിയേറ്റ്- രതീഷ് ഗിന്നസ്, ഛായാഗ്രഹണം-അരുൺ സാഗർ, അസ്സോസിയേറ്റ് ക്യാമറാമാൻ- അർജുൻ, അസിസ്റ്റന്റ്- രാഹുൽ കാട്ടാക്കട, പി ആർ ഓ- സുമിത് സുരേന്ദ്രൻ& സുനിത സുരേന്ദ്രൻ, സ്റ്റുഡിയോ- കെ എം ഡിജിറ്റൽ, ഡിസൈനിംഗ്- ബിജു ബാല, മേക്കപ്പ്- രാജേഷ്, പശ്ചാത്തല സംഗീതം-സി എഫ് സ്റ്റുഡിയോ.

Story highlights-covid 19 awareness video made in china