കറുപ്പാണ് കരുത്തും സൗന്ദര്യവും- നിറത്തിന്റെ പേരിലുണ്ടായ വിവേചനങ്ങൾ വിജയമാക്കിയ പെൺകുട്ടിയുടെ അനുഭവക്കുറിപ്പ്
നിറത്തിന്റെ പേരിൽ പരിഹാസ്യരായ അനേകം പേരുടെ അനുഭവകഥകൾ ശ്രദ്ധ നേടിയിട്ടുണ്ട്. എന്തിനും നിറം അടിസ്ഥാനമായി കാണുന്ന സമൂഹത്തിനു മുന്നിൽ കറുപ്പ് ഒരു കുറവായി സ്വയം കരുതുന്നവരുമുണ്ട്. നമ്മളോട് സംവദിക്കുന്ന എല്ലാ മാധ്യമങ്ങളും കറുപ്പിനെ വേറിട്ട് നിർത്തുന്നത് കാലാകാലങ്ങളായി കണ്ടുവരുന്ന ഒന്നാണ്. എന്നാൽ ശാരീരികവും, മാനസികവുമായി ആളുകളെ തളർത്തികളയുന്ന ഈ വേർതിരിവിനെ അതിജീവിച്ച കഥയാണ് ദൃശ്യ ബാലന് പറയാനുള്ളത്.
കാലിക്കറ്റ് സർവകലാശാലയിലെ മലയാളം ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായ ദൃശ്യ ബാലന്റെ അനുഭവക്കുറിപ്പ് ‘ബ്ലാക്ക് ഇങ്ക് ബ്ലോട്ട്സ്’ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയുടെ പങ്കുവെച്ചിരിക്കുന്നത്. ചെറുപ്പം മുതൽ നിറത്തിന്റെ പേരിൽ വിവേചനം നേരിട്ട അനുഭവമാണ് ദൃശ്യക്ക് പങ്കുവയ്ക്കാനുള്ളത്. നിമിഷ സജയൻ, കനി കുസൃതി മുതലായവർ ദൃശ്യയുടെ അനുഭവക്കുറിപ്പ് പങ്കുവെച്ചതോടെയാണ് സമൂഹമാധ്യമങ്ങളിൽ അവരുടെ വാക്കുകൾ ശ്രദ്ധ നേടിയത്.
വളരെ ചെറുപ്പം തൊട്ടു തന്നെ ‘കറുപ്പി’ എന്ന വിളികളിലൂടെ പരിഹാസ്യയാകുകയും അതോർത്ത് കണ്ണീരൊഴുക്കുകയും ചെയ്ത ദൃശ്യ എല്ലാ കുട്ടികൾക്കും സുന്ദരമായ ബാല്യമല്ല ലഭിക്കുന്നത് എന്ന് ഓർമിപ്പിക്കുന്നു. എന്നാൽ മാതാപിതാക്കളുടെ ശക്തമായ പിന്തുണയോടെ കറുപ്പിന്റെ അഴകും, നിറത്തിലല്ല വ്യക്തിത്വം എന്നും തിരിച്ചറിയുകയും അതിനെ കരുത്താക്കി മാറ്റുകയുമായിരുന്നു.
ഇന്ന് ദൃശ്യ ഒരു മോട്ടിവേഷണൽ സ്പീക്കറും മോഡലുമാകാനുള്ള തയ്യാറെടുപ്പിലാണ്. കറുപ്പെന്നത് മോശം എന്ന സമൂഹത്തിന്റെ ചിന്താഗതി എത്രയോ ആളുകളുടെ ആത്മവിശ്വാസത്തെ തകർത്ത് കളഞ്ഞിട്ടുണ്ടാകാം. എന്നാൽ പ്രതികൂല സാഹചര്യങ്ങളിൽ വിജയം കണ്ടെത്തുന്ന ദൃശ്യ ബാലനെ പോലുള്ളവർ മാതൃകയാകുകയാണ്.
Story highlights- drishya balan talks about racism