കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചിത്രീകരണത്തിനൊരുങ്ങി ‘ദൃശ്യം 2’

August 19, 2020
Drishyam 2 Shooting Plan

തിയേറ്ററുകളില്‍ കൈയടി നേടി മികച്ച പ്രേക്ഷക സ്വീകാര്യത സ്വന്തമാക്കിയ ചിത്രമാണ് ‘ദൃശ്യം’. ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം 2013-ലാണ് പ്രദര്‍ശനത്തിനെത്തിയത്. ബോക്സ് ഓഫീസ് ചരിത്രത്തില്‍ത്തന്നെ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയും ചെയ്തു ദൃശ്യം എന്ന സിനിമ. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുന്നു എന്ന പ്രഖ്യാപനവും പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചു. അടുത്തമാസം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും ചിത്രീകരണം. സിനിമയുടെ ചിത്രീകരണം കഴിയുന്നതുവരെ സംഘം പ്രത്യേക ക്വാറന്റീനിലായിരിക്കും. മികച്ച സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കും സെറ്റില്‍. ഷൂട്ടിങ് ഷെഡ്യൂള്‍ തീരുന്നതുവരെ അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമടക്കം പ്രത്യേക താമസ സൗകര്യം ഒരുക്കും. കൊച്ചിയിലും തൊടുപുഴയിലുമായിട്ടായിരിക്കും ചിത്രീകരണം.

ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ ദൃശ്യം 2-ന്റെ ചില ഭാഗങ്ങള്‍ മാറ്റിയെഴുതിയതായി സംവിധായകന്‍ ജീത്തു ജോസഫ് അടുത്തിടെ പറഞ്ഞിരുന്നു. ‘ദൃശ്യം 2 എഴുതിക്കഴിഞ്ഞപ്പോള്‍ കുറച്ച് പേര്‍ക്ക് അത് വായിക്കാന്‍ കൊടുത്തിരുന്നു. അവരുടെ അഭിപ്രായങ്ങള്‍ക്ക് അനുസരിച്ച് ചില തിരുത്തലുകളും വരുത്തി. അതിനുശേഷം ആ സ്‌ക്രിപ്റ്റ് മാറ്റിവെച്ചു. ഒരാഴ്ച ഇതില്‍ നിന്നൊക്കെ മാറി വേറെ കാര്യങ്ങളൊക്കെ ചെയ്ത് പിന്നെ ഫ്രെഷ് മൈന്‍ഡോടുകൂടി സ്‌ക്രിപ്റ്റ് വീണ്ടും വായിക്കാനെടുത്തു. അങ്ങനെ വായിക്കുമ്പോള്‍ സ്‌ക്രിപ്ര്റ്റിലെ ചില കുഴപ്പങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കും.’ജീത്തു ജോസഫ് പറഞ്ഞു.

‘ചിത്രത്തിലെ ഒരു സീന്‍ വായിച്ചപ്പോള്‍ വളരെ ജനക്കൂട്ടമുള്ള ഒരു രംഗം അതില്‍ ഞാന്‍ എഴുതിയിരിക്കുന്നത് കണ്ടു. ജനക്കൂട്ടവും ബഹളവുമൊക്കെയുള്ള സീന്‍. പെട്ടെന്ന് ഞാനോര്‍ത്തു, ഈ ലോക്ക്ഡൗണും കൊറോണയും ഇങ്ങനെ പോകുന്ന സമയത്ത് ഞാനിതെങ്ങനെ ഷൂട്ട് ചെയ്യും. അത് നടക്കില്ല. അവിടെ വെച്ച് ഞാന്‍ നിറുത്തി. പക്ഷേ ഉര്‍വശീശാപം ഉപകാരം എന്നു പറഞ്ഞതുപോലെ വേറൊരു ഐഡിയ വന്നു’. ജീത്തു ജോസഫ് കൂട്ടിച്ചേര്‍ത്തു.

‘ഒരാളും ഇല്ലാതെ അതു ചെയ്താല്‍ ആ രംഗത്തിന് വേറൊരു ഗുണം കിട്ടും. അങ്ങനെ ആലോചിച്ചതുകൊണ്ടാണ് എനിക്ക് പുതിയ ഐഡിയ കിട്ടിയത്. വലിയ രീതിയില്‍ സ്‌ക്രിപ്റ്റിനെ സഹായിക്കുന്ന ഐഡിയ കിട്ടിയതോടെ അതിന് മറ്റൊരു തലം വന്നു. ഞാന്‍ ആ ലൈന്‍ പിടിച്ചങ്ങ് പോയി. എഴുതുന്ന സമയത്ത് തന്നെ ഇത് എങ്ങനെ ഷൂട്ട് ചെയ്യും എന്നുകൂടി ആലോചിക്കുന്നതുകൊണ്ടാണ് ഇങ്ങനെ തിരുത്തലുകള്‍ വരുന്നത്.’ ജീത്തു ജോസഫ് വ്യക്തമാക്കി.

Story highlights: Drishyam 2 Shooting Plan