കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റവർക്ക് രക്തം നൽകാൻ തയാറായി എത്തിയ ആറാം ക്ലാസുകാരി; നന്മ മനസിനെ അഭിനന്ദിച്ച് കേരളക്കര
കൊറോണ വൈറസിന്റെയും മഴക്കെടുതിയുടെയും ആശങ്കകൾക്കിടെയിലേക്കാണ് കേരളക്കരയെ ഞെട്ടിച്ചുകൊണ്ട് കരിപ്പൂർ വിമാനാപകടത്തിന്റെ വാർത്തകളും എത്തിയത്. കനത്ത മഴയേയും കൊവിഡിനേയും ഭയപ്പെടാതെ കേരളക്കര മുഴുവൻ അപകടം നടന്ന സ്ഥലത്തേക്ക് സഹായ ഹസ്തവുമായി ഓടിയെത്തി.. ഇത് ദുരന്തത്തിന്റെ ആഘാതം ഒരു പരിധി വരെ കുറച്ചത് കേരളക്കരയ്ക്ക് നേരിയ ആശ്വാസം പകർന്നു. അപകടം നടന്ന രാത്രിയിൽ പരിക്കേറ്റവർക്കായി രക്തം ആവശ്യമുണ്ടെന്ന വാർത്തകളും സോഷ്യൽ മീഡിയയിൽ വേഗത്തിൽ പരന്നു..ഇതറിഞ്ഞ് രക്തം നൽകാനായി ആശുപത്രികളിൽ ആ രാത്രി എത്തിചേർന്നവരുടെ വലിയ ക്യൂവും നാം കണ്ടതാണ്.
അതിനിടെയിൽ അപകടം സംഭവിച്ചവർക്ക് രക്തം നൽകാൻ തയാറായി വന്ന ഒരു കൊച്ചുപെൺകുട്ടിയും ഉണ്ടായിരുന്നു. എടയൂർ അത്തിപ്പറ്റ കൂനങ്ങാട്ടുപറമ്പിൽ സക്കീർ ഹുസൈൻ-ഹസീന ദമ്പതികളുടെ മകൾ ഫാത്തിമ ഷെറിൻ, രക്തം ആവശ്യമുണ്ടെന്ന അറിയിപ്പ് സഹോദരിയുടെ ഫോണിൽ കണ്ടപ്പോൾ ഈ കുഞ്ഞുമകൾ മറ്റൊന്നും ചിന്തിച്ചില്ല വേഗം ഫോണെടുത്ത് ആ നമ്പറിലേക്ക് ഡയൽ ചെയ്തു. കോഴിക്കോട്ടെ രക്തദാനസേന കോ-ഓഡിനേറ്ററെ വിളിച്ച് ഫാത്തിമ രക്തം നൽകാൻ തയ്യാറാണെന്ന് അറിയിച്ചു. തനിക്ക് പ്രായമാകാത്തതിനാൽ രക്തം നല്കാൻ കഴിയില്ലെന്നറിഞ്ഞതോടെ ആ കുഞ്ഞ് മനസ് വേദനിച്ചു. ദുരതത്തിലായവർക്ക് സഹായമാകാൻ കഴിയാത്തത് ഓർത്ത്. എന്നാൽ കുഞ്ഞുമനസിന്റെ നന്മ പുറം ലോകം അറിഞ്ഞതോടെ നിരവധിപ്പേരാണ് ഫാത്തിമയ്ക്ക് അഭിനന്ദനവുമായി എത്തുന്നത്.
ഈ ചെറുപ്രായത്തിൽ കാണിച്ച നന്മ മനസിനെ പ്രശംസിച്ച് ബ്ലഡ് ഡോണേഴ്സ് കേരള സംസ്ഥാന പ്രസിഡന്റ് സലിം വളാഞ്ചേരി, ജില്ലാ വൈസ് പ്രസിഡന്റ് നൗഷാദ് കാളിയത്ത്, തിരൂർ താലൂക്ക് രക്ഷാധികാരി വി.പി.എം സാലിഹ് ഷാജി സൽവാസ് തുടങ്ങിയവർ വീട്ടിലെത്തി ഫാത്തിമയെ അഭിനന്ദിച്ചു.
ഏത് മഹാവിപത്തിനെയും ഒറ്റകെട്ടായി നിന്ന് അതിജീവിക്കുന്ന കേരളക്കരക്ക് ആശ്വസിക്കാം..പുതുതലമുറയിലും നന്മ വറ്റാത്ത മനസുകൾ വളർന്നുവരുന്നുണ്ട്..
Story Highlights: fathima sherin like to donate blood for injured