‘ആക്ഷൻ പറഞ്ഞപ്പോൾ ലാലേട്ടൻ എന്തോ ചെയ്തു , അതായിരുന്നു അവിടെ വേണ്ടിയിരുന്ന യഥാർത്ഥ റിയാക്ഷൻ’- ദൃശ്യത്തിലെ നിർണായകമായ രംഗത്തെ കുറിച്ച് ജീത്തു ജോസഫ്
മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ഹിറ്റ് ചിത്രമായിരുന്നു ദൃശ്യം. 2013ൽ പ്രദര്‍ശനത്തിനെത്തിയ ചിത്രം ബോക്സ് ഓഫീസ് ചരിത്രത്തില്‍ത്തന്നെ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം ചിത്രീകരണം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണെങ്കിലും ഒന്നാം ഭാഗത്തിന്റെ വിശേഷങ്ങൾ അവസാനിക്കുന്നില്ല. ദൃശ്യത്തിലെ നിർണായകമായ ഒരു രംഗത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്.
കോളേജ് വിദ്യാർത്ഥികാറ്റായി കേരളം സർക്കാർ നടപ്പിലാക്കുന്ന ഒരു അഭിമുഖ പരിപാടിയിൽ പങ്കെടുക്കവെയാണ് ദൃശ്യത്തിൽ മോഹൻലാലിൻറെ വളരെ പ്രധാനപ്പെട്ട ഒരു രംഗത്തിന്റെ ചിത്രീകരണത്തെക്കുറിച്ച് ജീത്തു ജോസഫ് മനസ് തുറന്നത്. പോലീസ് വീട്ടിലെത്തുന്ന ഒരു രംഗത്തിൽ എങ്ങനെ പ്രതികരിക്കണം എന്ന് മോഹൻലാലിനോട് പറഞ്ഞുകൊടുക്കാൻ സാധിക്കാതെ പോയതും വിചാരിച്ചതിലും മനോഹരമായി അദ്ദേഹം അത് കൈകാര്യം ചെയ്തതുമാണ് ജീത്തു ജോസഫ് പങ്കുവെച്ചത്.
‘ജോർജുകുട്ടിയെ കാണാൻ വീട്ടിൽ പോലീസുകാർ വന്ന് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ആ ഷോട്ട്. ദൃശ്യത്തിലെ എല്ലാ റിയാക്ഷൻസിനെ കുറിച്ചും എനിക്ക് വ്യക്തമായ ധാരണയുണ്ട്. പക്ഷെ ഒരു റിയാക്ഷനെ കുറിച്ച് മാത്രം എനിക്ക് ധാരണയുണ്ടായിരുന്നില്ല. എനിക്ക് ലാലേട്ടനോട് പറഞ്ഞുകൊടുക്കാനും അറിയില്ല എന്താണ് റിയാക്ഷനെന്ന്. സംഭവം ഇതാണ്, പോലീസുകാരുടെ ചോദ്യങ്ങൾക്കിടെ റാണി ഇടക്കുകയറി പറയുന്നുണ്ട് അതിനു ആഗസ്റ്റ് രണ്ടിന് ഞങ്ങൾ ഇവിടെ ഇല്ലായിരുന്നല്ലോ എന്ന്. അതുകേട്ട് ജോർജുകുട്ടി കസേരയിലേക്ക് ചായുകയാണ്. പുള്ളിക്ക് മനസിലായി ഭാര്യ മണ്ടത്തരമാണ് പറഞ്ഞതെന്നും, സംഗതി കയ്യിൽ നിന്നും പോയെന്നും. എന്നാൽ, ജോർജുകുട്ടിയുടെ മുഖത്ത് ഞെട്ടൽ വരാൻ പാടില്ല. ശരിക്കും കഥാപാത്രത്തിന്റെ ഉള്ളിൽ ഒരു പിടച്ചിലാണ്. അത് പുറമെ കാണിക്കാനും പാടില്ല. സംസാരിച്ചുകൊണ്ടിരുന്നയാൾ പിന്നിലേക്ക് ചാഞ്ഞിട്ട് ഒരു വശത്തേക്ക് നോക്കും. ആ ഷോട്ട് ഞാൻ നേരത്തെ പ്ലാൻ ചെയ്തിരുന്നു. സംഭാഷണം പറയുന്ന റാണി ഫോക്കസ് ഔട്ട് ആണ്. ഫോക്കസ് ലാലേട്ടനിലാണ് വെച്ചത്. കാരണം എനിക്ക് ആ റിയാക്ഷനായിരുന്നു പ്രധാനം. ആക്ഷൻ പറഞ്ഞപ്പോൾ ലാലേട്ടൻ എന്തോ ചെയ്തു. അതാണ് അവിടെ വേണ്ടിയിരുന്ന യഥാർത്ഥ റിയാക്ഷൻ.’ ജീത്തു ജോസഫ് പറയുന്നു.
അതേസമയം, നാല് മാസത്തെ ചെന്നൈ ജീവിതത്തിനു ശേഷം ജൂലൈ 20ന് കേരളത്തിലേക്ക് മടങ്ങിയെത്തിയ മോഹൻലാൽ ഇനി ദൃശ്യം 2 ഷൂട്ടിങ്ങിലേക്കാണ് കടക്കാനൊരുങ്ങുന്നത്. അടുത്തമാസം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
Story highlights- Jeethu joseph about drishyam