രോഗാവസ്ഥയിലും തളരാതെ ആ മിടുക്കി ആദ്യമായി പടികള്‍ മുഴുവന്‍ നടന്നു കയറി, നിറചിരിയോടെ: വീഡിയോ
രസകരവും കൗതുകം നിറഞ്ഞതുമായ വീഡിയോകള്‍ മാത്രമല്ല ഹൃദയം നിറയ്ക്കുന്ന ചില കാഴ്ചകളും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അത്തരമൊരു ദൃശ്യമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശ്രദ്ധ നേടുന്നതും. വെല്ലുവിളിയെ നിറപുഞ്ചിരിയോടെ കീഴടക്കുന്ന ഒരു കൊച്ചു പെണ്‍കുട്ടിയുടെ വീഡിയോ ആണ് ഇത്.
സെറിബ്രല്‍ പാഴ്‌സി രോഗാവസ്ഥയിലുള്ള ഒരു കൊച്ചുപെണ്‍കുട്ടി ആദ്യമായി പടികള്‍ തനിയെ കയറുന്നതാണ് വീഡിയോയില്‍ ദൃശ്യമാകുന്നത്. കൈവരിയില്‍ പിടിച്ചുകൊണ്ട് പതിയെ ആ മിടുക്കി നടന്നുകയറുമ്പോള്‍ വീഡിയോ പകര്‍ത്തിയ ആള്‍ പ്രോത്സാഹനവും നല്‍കുന്നുണ്ട്. പടികള്‍ മുഴുവന്‍ കയറി തീര്‍ന്നപ്പോള്‍ നിറഞ്ഞ സന്തോഷത്തില്‍ കൊച്ചു പെണ്‍കുട്ടി മതിമറന്ന് ചിരിക്കുന്നു. ആരുടേയും ഹൃദയം നിറയ്ക്കുന്നതാണ് ഈ കാഴ്ച.
അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ താരമായ റെക്‌സ് ചാപ്മാന്‍ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകംതന്നെ വൈറലായിക്കഴിഞ്ഞു. ‘സെറിബ്രല്‍ പാഴ്‌സി ബാധിച്ച ഈ സുന്ദരിയും ധീരയുമായ പെണ്‍കുട്ടി ആദ്യമായി പടികള്‍ തനിയെ കയറുകയാണ്. ആ ചിരി നോക്കൂ.’ എന്ന കുറിപ്പിനൊപ്പമാണ് റെക്‌സ് ചാപ്മാന്‍ വീഡിയോ പങ്കുവെച്ചത്.
ജീവിതത്തില്‍ ചെറിയ പ്രശ്‌നങ്ങളും വെല്ലുവിളികളുമൊക്കെ ഉണ്ടാകുമ്പോള്‍ പിടിച്ചുനില്‍ക്കാറില്ല പലരും. അത്തരത്തില്‍ ഹൃദയം തകര്‍ന്ന് സ്വയം ഉള്‍വലിഞ്ഞ് ജീവിക്കുന്നവര്‍ക്ക് ഈ കൊച്ചു പെണ്‍കുട്ടി നല്‍കുന്ന കരുത്തും പ്രചോദനവും ചെറുതല്ല.
Story highlights: Little girl with cerebral palsy is walking up the stairs by herself viral video