‘നിന്നെപോലെയാകാൻ സാധിച്ചെങ്കിൽ’; മകന് ഹൃദയം തൊടുന്ന ജന്മദിനാശംസകൾ നേർന്ന് മാധവൻ
നിറപുഞ്ചിരിയുമായി പ്രേക്ഷകരുടെ മനം കവർന്ന നടനാണ് മാധവൻ. അന്നും ഇന്നും മാധവന്റെ അഭിനയത്തിനും ചിരിക്കും ആരാധകർ ഏറെയാണ്. സിനിമാ വിശേഷങ്ങൾക്കൊപ്പം തന്നെ കുടുംബ വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ മകൻ വേദാന്തിന്റെ പിറന്നാളിന് ആശംസകളറിയിക്കുകയാണ് മാധവൻ. നിന്നെപോലെയാകാൻ സാധിച്ചിരുന്നെങ്കിൽ എന്നാണ് മകനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മാധവൻ കുറിക്കുന്നത്.
അച്ഛൻ സിനിമയിലെ മിന്നും താരമാണെങ്കിൽ മകൻ സ്വിമ്മിങ്ങിൽ ചാംബ്യനാണ്. മകന്റെ എല്ലാ നേട്ടങ്ങളും മാധവൻ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മുൻപ് ഏഷ്യൻ ഏജ് ഗ്രൂപ്പ് സ്വിമ്മിംഗ് ചാംബ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി വേദാന്ത് വെള്ളി മെഡൽ സ്വന്തമാക്കിയത് മാധവൻ പങ്കുവെച്ചിരുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ചുള്ള വേദാന്തിന്റെ ഔദ്യോഗിക മെഡൽ എന്ന കുറിപ്പിനൊപ്പമാണ് മകന്റെ മെഡൽ നേട്ടം മാധവൻ പങ്കുവെച്ചത്.
2018 മുതൽ വേദാന്ത് ഇന്ത്യയ്ക്കായി മത്സരിക്കുന്നുണ്ട്. ആ വർഷം തന്നെ തായ്ലൻഡിൽ നടന്ന സ്വിമ്മിങ് മത്സരത്തിൽ ഇന്ത്യക്കായി വെങ്കലം നേടിയ വേദാന്ത് ദേശീയ തലത്തിൽ തന്നെ ഫ്രീസ്റ്റൈലിൽ സ്വർണവും നേടിയിരുന്നു.
അതേസമയം, ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന ദ റോക്കട്രി: ദ നമ്പി ഇഫക്റ്റ് ആണ് മാധവൻ നായകനായി ഒരുങ്ങുന്ന പുതിയ ചിത്രം. ചിത്രത്തിന്റെ സഹ സംവിധായകന് കൂടിയാണ് മാധവന്.
തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും. മാധവനാണ് നമ്പി നാരായണനായി വെള്ളിത്തിരയിലെത്തുന്നത്. നമ്പി നാരായണന് രചിച്ച ‘റെഡി ടു ഫയര്‍: ഹൗ ഇന്ത്യ ആന്‍ഡ് ഐ സര്‍വൈവ്ഡ് ദ് ഐഎസ്ആര്‍ഒ സ്പൈ കേസ്’ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത്.
ചിത്രത്തിലെ ഓരോ വിശേഷങ്ങൾക്കും ആരാധകർ ഏറെയാണ്. നമ്പി നാരായണന്റെ ലുക്ക് ലഭിക്കുന്നതിനായി മണിക്കൂറുകൾ നീണ്ട മേക്കപ്പിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. നമ്പി നാരായണനായുള്ള നടന് മാധവിന്റെ മേക്കോവറും സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു.
Story highlights- madhavan about his son