നിക്ക് ഊട്ടിനൊപ്പം ഡിഎസ്എൽആറിൽ സെൽഫി പകർത്തുന്ന മമ്മൂക്ക; പഴയ ചിത്രം ഏറ്റെടുത്ത് ആരാധകർ

August 28, 2020

സിനിമയ്ക്കപ്പുറം ചലച്ചിത്ര താരങ്ങളുടെ ചില രസകരമായ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിലും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ മലയാളികളുടെ പ്രിയതാരം മമ്മൂട്ടിയുടെ ചില ഫോട്ടോഗ്രാഫി വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഫോട്ടോഗ്രാഫിയിൽ ഏറെ കമ്പമുള്ള താരമാണ് മമ്മൂട്ടി. ലോക്ക്ഡൗൺ കാലത്ത് പക്ഷികളുടെ ചിത്രങ്ങൾ പകർത്തുന്ന മമ്മൂട്ടിയുടേയും കൊച്ചുമകൾ മറിയത്തിന്റെ ചിത്രങ്ങൾ ക്യാമറ കണ്ണുകളിലൂടെ ഒപ്പിയെടുക്കുന്ന താരത്തിന്റെയുമൊക്കെ ചിത്രങ്ങൾ നേരത്തെ വൈറലായിരുന്നു. ഇപ്പോഴിതാ അത്തരത്തിൽ പകർത്തിയ മറ്റൊരു ചിത്രമാണ് മമ്മൂട്ടി ഇപ്പോൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.

ലോക പ്രശസ്ത ഫോട്ടോഗ്രാഫർ നിക്ക് ഊട്ടിനൊപ്പം നിൽക്കുന്ന താരത്തിന്റെ ചിത്രമാണ് ഇത്. നിക്ക് ഊട്ടിനൊപ്പമുള്ള സെൽഫി ഡിഎസ്എൽ ആറിൽ പകർത്തുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളാണ് സോഷ്യൽ ലോകത്ത് കൗതുകമാകുന്നത്. അതേസമയം ഈ ചിത്രം എപ്പോൾ പകർത്തിയതാണ് എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്തായാലും മമ്മൂട്ടിയുടെ ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Read also: “ഉണ്ണികളേ ഒരു കഥപറയാം…”; കൊച്ചു മകള്‍ക്കായി ഐഎം വിജയന്റെ സ്‌നേഹത്താരാട്ട്: വീഡിയോ

അതേസമയം ലോക പ്രശസ്ത ഫോട്ടോഗ്രാഫർമാരിൽ ഒരാളാണ് നിക്ക് ഊട്ട്. യുദ്ധത്തിന്റെ ഭീകരത പറയുന്ന ചിത്രങ്ങൾ പകർത്തിയ അദ്ദേഹത്തിന് കേരള മീഡിയ അക്കാദമിയുടെ പ്രഥമ വേള്‍ഡ് പ്രസ് ഫോട്ടോഗ്രാഫര്‍ പ്രൈസ് ഉൾപ്പെടെ ലഭിച്ചിട്ടുണ്ട്. ‘ദ ടെറര്‍ ഓഫ് വാര്‍’ എന്ന അദ്ദേഹത്തിന്റെ ചിത്രം ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വിയറ്റ്നാമിൽ അമേരിക്ക നടത്തിയ കൂട്ടക്കൊലയുടെ നേർസാക്ഷ്യമായിരുന്നു ഈ ചിത്രം.

Story Highlights: Mammootty with nick ut