പ്രേക്ഷകർക്ക് ഓണസമ്മാനമായി ‘മണിയറയിലെ അശോകൻ’ തിരുവോണനാളിൽ നെറ്റ്ഫ്ലിക്സിൽ എത്തും
ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ ഹൗസായ വേഫെയറര്‍ ഫിലിംസ് ഒരുക്കുന്ന ‘മണിയറയിലെ അശോകൻ’ തിരുവോണദിനത്തിൽ നെറ്റ്ഫ്ലിക്സിൽ പ്രദർശനത്തിനെത്തും. ദുൽഖർ സൽമാൻ തന്നെയാണ് ഇക്കാര്യം പ്രേക്ഷകരോട് പങ്കുവെച്ചത്. ആഗസ്റ്റ് 31ന് ചിത്രം എത്തുമെന്നാണ് നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അണിയറ പ്രവർത്തകർ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിരുന്നില്ല.
ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് ‘മണിയറയിലെ അശോകൻ’. ചിത്രത്തിലെ നായകൻ കൂടിയായ ജേക്കബ് ഗ്രിഗറി നിർമ്മാണ പങ്കാളിയാണ്. ഗ്രിഗറിയുടെ നായികയായി എത്തുന്നത് അനുപമ പരമേശ്വരനാണ്.
നാട്ടിൻപുറത്തുകാരനായ അശോകന്റെ പ്രണയവും വിവാഹവുമൊക്കെയാണ് മണിയറയിലെ അശോകൻ പങ്കുവയ്ക്കുന്നത്. ശ്യാമ എന്ന കഥാപാത്രമായാണ് അനുപമ ചിത്രത്തിൽ വേഷമിടുന്നത്. ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർ കൂടിയാണ് അനുപമ പരമേശ്വരൻ.
ഷൈൻ ടോം ചാക്കോ, കൃഷ്ണ ശങ്കർ, വിജയരാഘവൻ,ഇന്ദ്രൻസ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രിത ശിവദാസ്, തുടങ്ങി ഒട്ടേറെ താരങ്ങൾ ‘മണിയറയിലെ അശോകനി’ൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹകനായ സജദ് കക്കു, സ്ക്രിപ്റ്റ് എഴുതിയ വിനീത് കൃഷ്ണന്, മഗേഷ് ബോജി, സംഗീത സംവിധായകന് ശ്രീഹരി കെ നായര്‍, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ഷുഹൈബ് എന്നിവരും പുതുമുഖങ്ങളാണ്.
Story highlights- Maniyarayile ashokan movie to be released through netflix