ജനപ്രിയ സീരിസ് ‘മണി ഹെയ്സ്റ്റ്’ അവസാന ഭാഗത്തിലേക്ക്; അഞ്ചാം സീസൺ പ്രഖ്യാപിച്ച് നെറ്റ്ഫ്ലിക്സ്
വലിയ ജനസ്വീകാര്യത നേടിയ സ്പാനിഷ് വെബ് സീരീസാണ് ‘മണി ഹെയ്സ്റ്റ്'(ലാ കാസ ഡി പെപൽ). ഓരോ എപ്പിസോഡിനും വേണ്ടി വലിയ കാത്തിരിപ്പിലാണ് ആരാധകർ. ‘മണി ഹെയ്സ്റ്റ്’ ആരാധകർക്ക് ആവേശമേകി അഞ്ചാം ഭാഗമെത്തുന്നതായി സ്ഥിരീകരിച്ചിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്.
നെറ്റ്ഫ്ലിക്സിലൂടെയാണ് ‘മണി ഹെയ്സ്റ്റ്’ സ്ട്രീം ചെയ്യുന്നത്. നെറ്റ്ഫ്ലിക്സിന്റെ ഔദ്യോഗിക ഹാൻഡിലിൽ നിന്നുമാണ് അഞ്ചാം ഭാഗമെത്തുന്ന വാർത്ത പങ്കുവെച്ചിരിക്കുന്നത്. മാത്രമല്ല, ‘മണി ഹെയ്സ്റ്റി’ന്റെ അവസാന ഭാഗവും കൂടിയാണിത്. സീരിസിൽ കഥാപാത്രങ്ങൾ അണിയുന്ന സാൽവദോർ ദാലി മാസ്ക് നിലത്തുകിടക്കുന്ന ചിത്രത്തോടൊപ്പമാണ് അഞ്ചാം സീസൺ വിശേഷം നെറ്റ്ഫ്ലിക്സ് പങ്കുവെച്ചത്.
‘നിങ്ങളുടെ മാസ്ക് തയ്യാറാണോ? നിങ്ങൾക്ക് ഇത് അവസാനമായി ആവശ്യമായി വരും, ‘മണി ഹെയ്സ്റ്റ്’ അഞ്ചാം ഭാഗം സ്ഥിരീകരിച്ചു’ എന്നാണ് നെറ്റ്ഫ്ലിക്സ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത്. പത്ത് എപ്പിസോഡുകളിലായാണ് അഞ്ചാം സീസൺ എത്തുന്നത്. ഒരുവർഷത്തിനു ശേഷമാണ് അഞ്ചാം ഭാഗം എത്തുന്നത്. അലക്സ് പീനയാണ് സീരിസിന്റെ സംവിധായകൻ. ഉർസുല കൊബെറോ,അൽവാരോ മോർടെ തുടങ്ങി മറ്റു ഭാഗങ്ങളിലെ പ്രധാന താരങ്ങളെല്ലാം അഞ്ചാം ഭാഗത്തിലും ഉണ്ടാകും.
Story highlights-money heist part 5 confirmed