‘ധോണിയുടെ കാര്യത്തില്‍ ആശങ്കകളില്ല; 2022 ഐപിഎല്ലിലും അദ്ദേഹം ഉണ്ടാകുമെന്നാണ് പ്രതീക്ഷ’
കൊവിഡ് പ്രതിസന്ധിയില്‍ ഗാലറികള്‍ നിശ്ചലമായപ്പോഴും ക്രിക്കറ്റ് പ്രേമികളുടെ കായികാവേശമൊന്നും ചോര്‍ന്നിട്ടില്ല. അതുകൊണ്ടുതന്നെ കായിക വാര്‍ത്തകള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ മാറ്റി വെച്ച ഐപിഎല്‍ 13-ാം സീസണ് ദുബായില്‍ അരങ്ങേറുമെന്ന പ്രഖ്യാപനം വന്നതുമുതല്‍ ആവേശം അലതല്ലുകയാണ് ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍.
രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന് മഹേന്ദ്ര സിങ് ധോണിയുടെ ഐപില്‍ പ്രകടനത്തിനായും ആരാധകര്‍ കാത്തിരിക്കുന്നു. അതേസമയം ധോണിയുടെ ഭാവിയുടെ കാര്യത്തില്‍ ആശങ്കയില്ലെന്ന് പറയുകയാണ് ചെന്നൈ സൂപ്പര്‍ കിങ്സ് സിഇഒ കാശി വിശ്വനാഥന്. ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘ധോണി 2021 ലെ ഐപിഎല്ലിന്റെയും ഭാഗമാകുമെന്നും പ്രതീക്ഷിക്കാം. മിക്കവാറും 2022ലും. ധോണിയെക്കുറിച്ച് ഞങ്ങള്‍ക്ക് ആശങ്കകളൊന്നും ഇല്ല. തന്റെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് ധോണിക്ക് നല്ല ബോധ്യമുണ്ട്. സ്വന്തം കാര്യവും ടീമിന്റെ കാര്യവും ധോണി നല്ലതുപോലെ നോക്കിക്കൊള്ളും.’ കാശി വിശ്വനാഥന് പറഞ്ഞു.
ഐപിഎല്ലിന്റെ പതിമൂന്നാം സീസണ് യുഎയില്‍ സെപ്റ്റംബര്‍ 19 ന് ആരംഭിക്കും. നവംബര്‍ 10-നാണ് ഫൈനല്‍. നിലവില്‍ യുഎഇ-ലെത്തിയ ചെന്നൈ സൂപ്പര്‍ കിങ്സ് താരങ്ങള്‍ ക്വാറന്റീനില്‍ പ്രവേശിച്ചിരിക്കുകയാണ്. അടുത്തിടെ ചെന്നൈ സൂപ്പര്‍ കിങ്സ് താരങ്ങളുടെ പരിശീലന വീഡിയോയും കായികലോകത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു.
Story highlights: MS Dhoni will probably play for Chennai Super Kings in IPL 2022