പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഒതളങ്ങ തുരുത്ത് സിനിമയാക്കാൻ ഒരുങ്ങി അൻവർ റഷീദ്
കഴിഞ്ഞ കുറച്ച് നാളുകളായി സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു വെബ് സീരീസാണ് ഒതളങ്ങ തുരുത്ത്. ഒരു വർഷം മുൻപ് ഇറങ്ങിയ സീരീസ് ലോക്ക്ഡൗൺ കാലത്താണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോഴിതാ ഈ സീരിസിനെ സിനിമയാക്കാൻ തുടങ്ങുകയാണ് സംവിധായകൻ അൻവർ റഷീദ്. പ്രധാനമായും ഒരു ഗ്രാമത്തിന്റെ പാശ്ചാത്തലത്തിൽ നർമ്മത്തിൽ ചാലിച്ചാണ് ഈ സീരീസ് ഒരുക്കിയിരിക്കുന്നത്. അതേസമയം സീരീസിന്റെ ആവർത്തനം ആയിരിക്കില്ല സിനിമ, എന്നാൽ സീരീസിലെ അഭിനേതാക്കൾ, ലൊക്കേഷനുകൾ, സീക്വൻസുകൾ എന്നിവ അതുപോലെതന്നെ നിലനിർത്തുമെന്നും അൻവർ റഷീദ് അറിയിച്ചു.
സീരീസിന്റെ ഗ്രാമീണ പശ്ചാത്തലവും വ്യത്യസ്തമായ അവതരണ ശൈലിയുമാണ് തന്നെ ഏറെ ആകർഷിച്ചതെന്നും ഒതളങ്ങ തുരുത്തിന്റെ സ്വതന്ത്രമായ പുനർ നിർമാണമാണ് താൻ ഉദ്ദേശിക്കുന്നതെന്നും അൻവർ റഷീദ് പറഞ്ഞു. സീരിസ് ഒരുക്കിയ അംബുജി, പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അബിൻ ബിനോ, ജയേഷ് ജനാർദ്ദൻ, ജഗദീഷ് കുമാർ എന്നിവരെയും ചിത്രത്തിൽ ഉൾപ്പെടുത്തിയേക്കും.
അതേസമയം ഇപ്പോൾ നടക്കുന്ന എപ്പിസോഡിന്റെ ജോലികൾക്ക് ശേഷം സിനിമയുടെ നിർമാണം ആരംഭിക്കുമെന്നാണ് സൂചന. ഇതുവരെ ആറു എപ്പിസോഡുകളാണ് ഇറങ്ങിയത്. എല്ലാത്തിനും മികച്ച് പ്രേക്ഷക സ്വീകാര്യതലഭിച്ചിരുന്നു.
Read also: അനിയത്തിപ്രാവിലെ സുധിയായി വീണ്ടും കുഞ്ചാക്കോ ബോബന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുമ്പോള്‍
2005-ൽ മമ്മൂട്ടി അഭിനയിച്ച രാജമാണിക്യം എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് ചലച്ചിത്രലോകത്തേയ്ക്ക് അൻവർ റഷീദ് എത്തിയത്. 2007-ൽ ഛോട്ടാ മുംബൈ, 2008ൽ അണ്ണൻ തമ്പി തുടങ്ങിയ ചിത്രങ്ങളിലൂടെയും ശ്രദ്ധ നേടിയ അൻവർ റഷീദ് ട്രാൻസ് എന്ന ഫഹദ് ഫാസിൽ ചിത്രമാണ് ഏറ്റവും ഒടുവിൽ സംവിധാനം ചെയ്തത്. അതിന് പുറമെ അൻവർ റഷീദ് ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
Story Highlights: anwar rashid makes Othalanga thuruth series to film