മുത്തയ്യ മുരളീധരന്റെ ജീവിതം പറയുന്ന സിനിമയിൽ വിജയ് സേതുപതിയുടെ നായികയാകാൻ രജിഷ

August 6, 2020

ശ്രീലങ്കൻ സ്‌പിൻ താരം മുത്തയ്യ മുരളീധരന്റെ ജീവിതം പറയുന്ന സിനിമ ഒരുങ്ങുന്നതായി ചർച്ചകൾ സജീവമായിട്ട് നാളേറെയായി. ‘800’ എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ വിജയ് സേതുപതിയും രജിഷ വിജയനുമാണ് താരങ്ങൾ എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുത്തയ്യ മുരളീധരനായാണ് വിജയ് സേതുപതി വേഷമിടുന്നത്. ശ്രീപദി രംഗസ്വാമി സംവിധാനം ചെയ്യുന്ന ചിത്രം രജിഷ വിജയൻറെ രണ്ടാമത്തെ തമിഴ് ചിത്രം കൂടിയാണ്.

അതേസമയം, മുത്തയ്യ മുരളീധരന്റെ ജീവിതം പറയുന്ന ചിത്രത്തിന് ‘800’ എന്ന് പേരുനൽകിയിരിക്കുന്നത്, അദ്ദേഹം നേടിയ ‘800’ വിക്കറ്റ് എന്ന ചരിത്രനേട്ടത്തെ ആധാരമാക്കിയാണ്. മുത്തയ്യ മുരളീധരന്റെ ബയോപിക്കുമായി സഹകരിക്കുന്നതിൽ സന്തോഷവാനാണെന്നും അദ്ദേഹം നേരിട്ട് തനിക്ക് നിർദേശങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും വിജയ് സേതുപതി മുൻപ് പ്രതികരിച്ചിരുന്നു.

അദ്ദേഹത്തെ അവതരിപ്പിക്കുന്നത് വെല്ലുവിളിയാണെന്നും തന്നിൽ വിശ്വാസമർപ്പിച്ച നിർമ്മാതാക്കൾക്കും, മുത്തയ്യ മുരളീധരനും നന്ദി അറിയിക്കുന്നതായും വിജയ് സേതുപതി പറഞ്ഞിരുന്നു. ഡാർ പിക്ചേഴ്സ് ഒരുക്കുന്ന ചിത്രം അടുത്തവർഷത്തോടെ പ്രദർശനത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ‘മാസ്റ്റർ’ എന്ന വിജയ് ചിത്രമാണ് ഇനി വിജയ് സേതുപതിയുടേതായി തിയേറ്ററിൽ എത്താനുള്ളത്.

Read More: വളർത്തുനായയെ മാസ്‌ക് ധരിപ്പിച്ച് യാത്രയ്‌ക്കൊരുങ്ങുന്ന കുട്ടി- കരുതലിന് കയ്യടിച്ച് ലോകം

അതേസമയം, ‘കർണൻ’ എന്ന ബിഗ് ബജറ്റ് ചിത്രത്തിൽ നായികയായാണ് രജിഷ തമിഴ് സിനിമാലോകത്തേക്ക് ചുവടുവയ്ക്കുന്നത്. അനുരാഗ കരിക്കിൻവെള്ളം എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ രജിഷ ‘ജൂൺ’, സ്റ്റാൻഡ് അപ്പ്’, ‘ജോർജേട്ടൻസ് പൂരം’ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയയായത്. ആദ്യ ചിത്രത്തിന് തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയ രജിഷയിൽ നിന്നും മികച്ച പ്രകടനമാണ് ആരാധകർ തമിഴ് സിനിമാലോകത്ത് നിന്നും പ്രതീക്ഷിക്കുന്നത്.

Story highlights-Rajisha vijayan opposite vijay sethupathi