‘മിന്നൽ മുരളിയും സ്പിന്നർ മുരളിയും കണ്ടുമുട്ടിയപ്പോൾ’; ഫാൻ മൊമന്റുമായി ടൊവിനോ..!

January 7, 2024

മുരളി എന്ന് പറഞ്ഞാല്‍ മിന്നല്‍ മുരളി എന്ന് തിരിച്ചുപറയുന്നവരാണ് മലയാളി സിനിമ പ്രേക്ഷകര്‍. അതിന്റെ കാരണം മറ്റൊന്നുമല്ല, ടൊവിനോ തോമസ് തകര്‍ത്ത് അഭിനയിച്ച് മിന്നല്‍ മുരളി എന്ന കഥാപാത്രം അത്രയും ആഴത്തിലാണ് പ്രേക്ഷക മനസില്‍ പതിഞ്ഞിട്ടുള്ളത്. ഈ സിനിമയുടെ പ്രകടനം ടൊവിനോയ്ക്ക് മലയാളത്തിന്റെ മിന്നല്‍ മുരളി എന്ന പേരും നേടിക്കൊടുത്തു എന്നതില്‍ സംശയമില്ല. ഇപ്പോഴിതാ ലോകമെമ്പാടും ആരാധകരുള്ള സ്പിന്‍ മാന്ത്രികന്‍ മുത്തയ്യ മുരളീധരനും ‘സൂപ്പര്‍ പവറു’ള്ള മിന്നല്‍ മുരളിയും കണ്ടുമുട്ടിയിരിക്കുകയാണ്. ( Tovino Thomas with Cricket legend Muttiah Muralitharan )

‘ഫാന്‍ ബോയ് മൊമന്റ്’ എന്ന അടിക്കുറിപ്പോടെ ടൊവിനോ തന്നെയാണ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുള്ളത്. ജിമ്മില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത് എന്നാണ് ടൊവിനോ പങ്കുവച്ച ഫോട്ടോയില്‍ നിന്നും വ്യക്തമാകുന്നത്. ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരനെ നേരിട്ട് കാണാനുള്ള ഭാഗ്യം ഉണ്ടായെന്നും ഇന്നത്തെ വര്‍ക്കൗട്ട് ആവേശകരമായിരുന്നു എന്നും ചിത്രത്തിനൊപ്പം ടൊവിനോ കുറിച്ചു. എതായലും ഫോട്ടോ നിമിഷ നേരത്തിനുളളില്‍ വൈറലായി.

മിന്നല്‍ മുരളി സിനിമയുമായി ബന്ധപ്പെടുത്തിയാണ് ആരാധകരുടെ രസകരമായ കമന്റുകള്‍. ഭൂരിഭാഗം കമന്റുകളും മിന്നല്‍ മുരളിയും സ്പിന്നര്‍ മുരളിയും കണ്ടുമുട്ടിയപ്പോള്‍ എന്ന രീതിയിലാണ്. അതോടൊപ്പം ഈ സിനിമയില്‍ ഗുരു സോമസുന്ദരന്‍ തകര്‍ത്തഭിനയിച്ച ഷിബു എന്ന കഥാപാത്രത്തിന്റെ ഡയലോഗുമായി ബന്ധപ്പെടുത്തി ‘നാട്ടാരെ ഓടിവരണെ ജിമ്മിന് തീപിടിച്ചെ..’ എന്ന രസകരമായ ഡയലോഗും കമന്റ് ബോക്‌സില്‍ ഇടംപിടിച്ചിട്ടുണ്ട്.

അടുത്തിടെയാണ് മുത്തയ്യ മുരളീധരന്റെ ജീവിതകഥ പറഞ്ഞ ‘800’ എന്ന ചിത്രം പുറത്തിറങ്ങിയത്. ശ്രീപതി സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ പ്രമുഖ ബോളിവുഡ് നടന്‍ മധുര്‍ മിറ്റാലാണ് മുരളീധരനായി വേഷമിട്ടിട്ടുള്ളത്. ഒക്ടോബര്‍ ആറിനായിരുന്നു ചിത്രം റിലീസായത്. ആര്‍ഡിഎക്‌സ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ മഹിമ നമ്പ്യാര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Story highlights : Tovino Thomas with Cricket legend Muttiah Muralitharan