‘നല്ലൊരു കുട്ടിയായിരുന്നു’- അരങ്ങേറ്റ ചിത്രവുമായി റിമ കല്ലിങ്കൽ; രസകരമായ കമന്റുകളുമായി സുഹൃത്തുക്കൾ

നൃത്തവേദികളിൽ നിന്നുമാണ് സിനിമാലോകത്തേക്ക് റിമ കല്ലിങ്കൽ ചുവടുവച്ചത്. അതുകൊണ്ട് തന്നെ സിനിമാ തിരക്കുകൾക്കിടയിലും നൃത്തത്തിന്റെ ഓർമ്മകൾ പങ്കുവയ്ക്കാൻ റിമ സമയം കണ്ടെത്താറുണ്ട്. മോഹിനിയാട്ടം അരങ്ങേറ്റത്തിന് ഒരുങ്ങിയിരിക്കുന്ന പഴയൊരു ചിത്രം ആരാധകർക്കായി പങ്കുവയ്ക്കുകയാണ് റിമ കല്ലിങ്കൽ.
‘മോഹിനിയാട്ടം അരങ്ങേറ്റത്തിന് തൊട്ടുമുൻപ്, തൃശൂർ റീജിയണൽ തിയേറ്ററിൽ ബാക്ക്സ്റ്റേജ് ഡ്രസ്സിംഗ് റൂമിൽ’. എന്ന കുറിപ്പിനൊപ്പമാണ് റിമ ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധി സിനിമാ സുഹൃത്തുക്കൾ ചിത്രത്തിന് കമന്റുമായി എത്തി. നടി കവിത നായർ കമന്റ്റ് ചെയ്തിരിക്കുന്നത് ഇതാണ് റിമയുടെ ചിത്രങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടത് എന്നാണ്. പ്രയാഗ മാർട്ടിനും ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നു.
സംവിധായകൻ മുഹ്‌സിൻ പെരാരിയുടെ കമന്റും അതിനു റിമ കല്ലിങ്കൽ നൽകിയ മറുപടിയുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘നല്ലൊരു കുട്ടിയായിരുന്നു’ എന്നാണ് മുഹ്‌സിന്റെ കമന്റ്. ‘ഇപ്പോളെന്താ നല്ല കുട്ടിയല്ലേ’ എന്ന് റിമ ചോദിക്കുന്നു.
2009ൽ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെയാണ് റിമ സിനിമയിലേക്ക് എത്തിയത്. അതേ വർഷം തന്നെ ലാൽ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിലും റിമ ശ്രദ്ധേയമായ വേഷം ചെയ്തു.
2008ൽ മിസ് കേരള മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ റിമ ചെറുപ്പം മുതൽ ക്ലാസിക്കൽ നൃത്തം അഭ്യസിച്ചിട്ടുണ്ട്. കലാമണ്ഡലം രംഗനായികയുടെ കീഴിലാണ് ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ചത്. ബംഗളൂരുവിൽ നിന്നും കണ്ടമ്പററി ഡാൻസും പഠിച്ചു. ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി അനവധി വേദികളിൽ റിമ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.
Story highlights- rima kallinkal’s instagram post