എട്ടു ഭാഷകൾ കൈകാര്യം ചെയ്യും, സന്ദേശങ്ങൾ അയക്കും; സ്മാർട്ടായി മാസ്ക്
പ്രതികൂല സാഹചര്യങ്ങളിലും നൂതനമായ കണ്ടെത്തലുകൾ നടത്തുന്നതാണ് മനുഷ്യന്റെ ഏറ്റവും വലിയ പ്രത്യേകത. ആഗോളമാരിയായി മാറിയ കൊവിഡ് കാലത്തും ഇതിന് മാറ്റമൊന്നുമില്ല. ഇന്ന് ജീവിതത്തിന്റെ ഭാഗമായി മാറിയ മാസ്കിൽ പോലും ടെക്നോളജിയുടെ അനന്ത സാധ്യതകൾ ഉപയോഗിച്ചിരിക്കുകയാണ് മനുഷ്യൻ. മാസ്കിനെ കൂടുതൽ സ്മാർട്ടാക്കിയിരിക്കുകയാണ് ജപ്പാനിലെ ഒരു സ്റ്റാർട്ടപ്പ് കമ്പനി.
മുഖാവരണത്തിന് പുറമെ ജാപ്പനീസ് ഭാഷ എട്ടു ഭാഷകളിലേക്ക് വിവർത്തനം ചെയ്യാൻ പ്രാപ്തിയുള്ള മാസ്കാണ് കമ്പനി വികസിപ്പിച്ചിരിക്കുന്നത്. ഡോനട്ട് റോബോട്ടിക്സ് എന്ന കമ്പനിയാണ് സ്മാർട്ട് മാസ്കിന് പിന്നിൽ. റോബോട്ട് നിർമാണമായിരുന്നു കമ്പനിയുടെ ഉദ്ധേശമെങ്കിലും കൊവിഡ് കാല സാധ്യത പ്രയോജനപ്പെടുത്തുകയായിരുന്നു കമ്പനി.
ഫോണോ ടാബ്ലറ്റോ ഉപയോഗിക്കാതെ നേരിട്ട് തന്നെ മാസ്കിലൂടെ സന്ദേശങ്ങൾ കൈമാറാൻ കഴിയും എന്നതാണ് ഇ-മാർക്കറ്റിൽ മാസ്കിനെ ശ്രദ്ധേയമാക്കുന്നത്. വെറുത്ത നിറത്തിലുള്ള പ്ലാസ്റ്റിക് ഉപയോഗിച്ചാണ് മാസ്ക് നിർമിച്ചിരിക്കുന്നത്. സി മാസ്ക് എന്ന് പേരും നൽകിയിരിക്കുന്നു.
Read More: ‘ഇന്ത്യൻ 2’ സെറ്റിലെ അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഒരു കോടി വീതം കൈമാറി കമൽഹാസൻ
ബ്ലൂടൂത്ത് വഴി സ്മാർട്ട് ഫോണുകളിലും ടാബ്ലറ്റുകളിലും മാസ്ക് കണക്ട് ചെയ്യാൻ സാധിക്കും. സംസാരത്തെ ടെക്സ്റ്റാക്കി മാറ്റി സന്ദേശങ്ങൾ കൈമാറാനും സി മാസ്കിന് സാധിക്കും. ജാപ്പനീസ്, ചൈനീസ്, കൊറിയൻ, വിയറ്റ്നാമീസ്,ഇന്തോനേഷ്യൻ, ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച് എന്നീ ഭാഷകളാണ് സി മാസ്കിന് കൈകാര്യം ചെയ്യാൻ സാധിക്കുക. സാധരണ മാസ്കിന് മുകളിൽ ധരിക്കാനും സാധിക്കും.
Story highlights-smart mask that can speak eight languages