‘ഇന്ത്യൻ 2’ സെറ്റിലെ അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഒരു കോടി വീതം കൈമാറി കമൽഹാസൻ

August 6, 2020

തമിഴ് സിനിമാ ലോകത്ത് ആഘാതം സൃഷ്‌ടിച്ച വാർത്തയായിരുന്നു കമൽഹാസൻ നായകനായി അഭിനയിക്കുന്ന ‘ഇന്ത്യൻ 2’ സെറ്റിൽ നടന്ന അപകടം. ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ച മൂന്നു സിനിമാ പ്രവർത്തകരാണ് അപകടത്തിൽ മരണപ്പെട്ടത്. ഫെബ്രുവരിയിൽ നടന്ന അപകടത്തിന് ശേഷം മരണപ്പെട്ടവരുടെ കുടുംബത്തിന് കമൽഹാസൻ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിരുന്നു. കൊവിഡ് പ്രതിസന്ധികൾക്കിടയിലും ആ വാക്ക് പാലിച്ചിരിക്കുകയാണ് താരം.

മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതമാണ് കമൽഹാസനും, ഷങ്കറും, ലൈക പ്രൊഡക്ഷൻസും ചേർന്ന് നൽകിയത്. എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിലാണ് മരണപ്പെട്ട മൂന്നുപേരുടെയും പരിക്കേറ്റ ഒരാളുടെയും കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം കൈമാറിയത്. കമൽ ഹാസനും ഷങ്കറും ചടങ്ങിൽ പങ്കെടുത്തു.

ഫെബ്രുവരി 19നാണ് ചെന്നൈയിലെ പൂനമല്ലി സെറ്റിൽ വെച്ച് അപകടം നടന്നത്. ചിത്രീകരണത്തിനായി ഉപയോഗിക്കുന്ന ക്രെയിൻ തകർന്ന് വീണാണ് മൂന്നുപേർ മരണപ്പെട്ടത്. സഹസംവിധായകരായ കൃഷ്ണ, മനു എന്നിവരും ഷൂട്ടിംഗ് സെറ്റിലെ സഹായി ചന്ദ്രനുമായിരുന്നു മരിച്ചത്. പത്തിലധികം ആളുകൾക്ക് പരിക്കുപറ്റിയിരുന്നു.

അപകടത്തിന് പിന്നാലെ ചിത്രീകരണം നിർത്തിവെച്ച് ആശുപത്രിയിലെത്തി കമൽഹാസൻ ആദരാജ്ഞലികൾ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കുടുംബത്തിന് ധന സഹായം നൽകുമെന്ന് അറിയിച്ചത്. സെക്കന്റുകളുടെ വ്യത്യാസത്തിലാണ് താനും സംവിധായകനും അപകടത്തിൽ നിന്നും രക്ഷപ്പെട്ടതെന്നും, അല്ലായിരുന്നുവെങ്കിൽ തനിക്ക് പകരം മറ്റാരെങ്കിലുമായിരുന്നു ഇങ്ങനെ സംസാരിക്കുക എന്നും അന്ന് കമൽഹാസൻ പറഞ്ഞിരുന്നു.

Read More: മഹേഷ് ഭട്ടിന്റെ ‘സഡക് 2’ ഓടിടി റിലീസിന് ഒരുങ്ങുന്നു

ഒരു നിമിഷത്തിന്റെ വ്യത്യാസത്തിലാണ് ജീവിച്ചിരിക്കുന്നതെന്ന് ചിത്രത്തിലെ നായികയായ കാജൽ അഗർവാൾ പ്രതികരിച്ചിരുന്നു. 200കോടിയോളം മുതല്‍ മുടക്കിലാണ് ‘ഇന്ത്യന്‍ 2’ ഒരുങ്ങുന്നത്.മലയാളത്തില്‍നിന്നും നെടുമുടി വേണുവും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ആദ്യ ഭാഗത്തില്‍ ചെയ്ത അതേ റോളാണ് രണ്ടാം ഭാഗത്തിലും നടന്‍ ആവര്‍ത്തിക്കുന്നത്.

Story highlights-kamal hasaan and indian 2 team handed over compensation of one crore