മഹേഷ് ഭട്ടിന്റെ ‘സഡക് 2’ ഓടിടി റിലീസിന് ഒരുങ്ങുന്നു

August 6, 2020

മഹേഷ് ഭട്ടിന്റെ സംവിധാനത്തിൽ സഞ്ജയ് ദത്ത്, പൂജ ഭട്ട്, അലിയ ഭട്ട് എന്നിവർ ഒന്നിക്കുന്ന ‘സഡക് 2’ ഓടിടി റിലീസിന് ഒരുങ്ങുന്നു. ഇരുപത്തിയൊൻപത് വർഷങ്ങൾക്ക് മുൻപ് സഞ്ജയ് ദത്തും പൂജ ഭട്ടും നായികാനായകന്മാരായി അഭിനയിച്ച ‘സഡക്കി’ന്റെ രണ്ടാംഭാഗമാണ് ‘സഡക് 2’. സമ്മർ റിലീസായി ചിത്രം തിയേറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുമ്പോഴായിരുന്നു ലോക്ക് ഡൗൺ പ്രഖ്യാപിച്ചതും തിയേറ്ററുകൾ അടയ്ക്കുന്നതും. കാത്തിരിപ്പിനൊടുവിൽ ഓടിടി റിലീസിലൂടെ ‘സഡക് 2’ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് അണിയറപ്രവർത്തകർ.

ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ ആഗസ്റ്റ് 28നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇരുപത് വർഷങ്ങൾക്ക് ശേഷം സംവിധാനത്തിലേക്ക് മഹേഷ് ഭട്ട് തിരികെയെത്തുന്നുവെന്ന കൗതുകവും ‘സഡക് 2’വിനുണ്ട്. സഞ്ജയ് ദത്തിനും പൂജ ഭട്ടിനും അലിയ ഭട്ടിനും പുറമെ ആദിത്യ റോയ് കപൂർ, പ്രിയങ്ക ബോസ്, മകരന്ദ് ദേശ്‌പാണ്ഡെ, മോഹൻ കപൂർ, അക്ഷയ് ആനന്ദ് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.

Read More: മുത്തയ്യ മുരളീധരന്റെ ജീവിതം പറയുന്ന സിനിമയിൽ വിജയ് സേതുപതിയുടെ നായികയാകാൻ രജിഷ

പ്രണയ പശ്‌ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത് വിശേഷ് ഫിലിംസാണ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവന്നത്. വൈകാതെ തന്നെ ട്രെയ്‌ലറും, ഗാനങ്ങളും പ്രേക്ഷകരിലേക്ക് എത്തുമെന്ന് സംവിധായകൻ മഹേഷ് ഭട്ട് അറിയിച്ചു. മഹേഷ് ഭട്ടും മക്കളായ പൂജ, ആലിയ എന്നിവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘സഡക് 2’.

Story highlights-Sadak 2 movie streaming on hotstar