ആലിയ ഭട്ടിനൊപ്പം റോഷൻ മാത്യുവും; ശ്രദ്ധനേടി ഡാർലിംസ്‌ ട്രെയ്‌ലർ

July 25, 2022

ബോളിവുഡ് നടി ആലിയ ഭട്ട് ആദ്യമായി നിർമാണ രംഗത്തേക്ക് കടക്കുന്ന ചിത്രമാണ് ഡാർലിംഗ്സ്. ഈ സിനിമയിലൂടെ ബോളിവുഡിലേക്ക് ചേക്കേറുകയാണ് മലയാളത്തിന്റെ മുഖമായി മാറിയ റോഷൻ മാത്യു. ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റർടൈൻമെന്റും ആലിയ ഭട്ടിന്റെ എറ്റേണൽ സൺഷൈൻ പ്രൊഡക്ഷനും ചേർന്ന് ഒരുക്കുന്ന ചിത്രമാണ് ഡാർലിംഗ്സ്. ഇപ്പോഴിതാ, ചിത്രത്തിന്റെ രസകരമായ ട്രെയ്‌ലർ എത്തി. ചിത്രത്തിൽ മുഴുനീള വേഷമാണ് റോഷന്.

Read Also: അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു; അപർണ ബാലമുരളി, ബിജു മേനോൻ, സച്ചി എന്നിവർക്ക് നേട്ടം

കോമഡിയും ആകാംക്ഷ നിറഞ്ഞ നിമിഷങ്ങളും കോർത്തിണക്കിയാണ് ചിത്രമെത്തുന്നതെന്ന സൂചനയാണ് ട്രെയ്‌ലർ സമ്മാനിക്കുന്നത്. നെറ്റ്ഫ്ലിക്സിലൂടെ ആഗസ്റ്റ് അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആലിയ ഭട്ട്, ഷെഫാലി ഷാ, വിജയ് വർമ്മ, റോഷൻ മാത്യു എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്.

ഗൗരി ഖാൻ, ആലിയ ഭട്ട്, ഗൗരവ് വർമ ​​എന്നിവർ ചേർന്ന് നിർമ്മിച്ച ഡാർലിംഗ്സ് സംവിധാനം ചെയ്തിരിക്കുന്നത് ജസ്മീത് കെ റീൻ ആണ്. വിശാൽ ഭരദ്വാജാണ് സംഗീതം, ഗുൽസാർ ആണ് ഗാനരചയിതാവ്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയശേഷം റോഷൻ മാത്യു കുറിച്ച വാക്കുകൾ ശ്രദ്ധേയമായിരുന്നു.

Read Also: അഞ്ചാം നിലയിൽ നിന്നും വീണ പിഞ്ചുകുഞ്ഞിനെ അതിസാഹസികമായി രക്ഷിച്ച് യുവാവ്- വിഡിയോ

അതേസമയം, തെലുങ്ക് ചലച്ചിത്രമായ ആർആർആർ ആണ് ആലിയയുടെ അവസാന റിലീസ്. അയൻ മുഖർജിയുടെ ബ്രഹ്മശാസ്ത്ര, കരൺ ജോഹറിന്റെ ചിത്രം എന്നിവയാണ് ആലിയ നായികയായി ഒരുങ്ങുന്നത്. നിമിഷ സജയനൊപ്പം പുതിയ ചിത്രത്തിൽ എത്താനുള്ള ഒരുക്കത്തിലാണ് റോഷൻ മാത്യുവും. അതോടൊപ്പം തന്നെ ഒട്ടേറെ ചിത്രങ്ങളിൽ താരം വേഷമിടുന്നുണ്ട്.

Story highlights- darlings trailer