വിജയ്-ലോകേഷ് ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു; ഒപ്പം വിക്രം സ്റ്റൈൽ ടൈറ്റിൽ ടീസറും

February 3, 2023

സൂപ്പർ ഹിറ്റായി മാറിയ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് വിജയിക്കൊപ്പം ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ‘ലിയോ’ എന്നാണ് ചിത്രത്തിന്റെ പേര്. ടൈറ്റിൽ പ്രഖ്യാപിക്കുന്നതിനൊപ്പം ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പങ്കുവെച്ച ടീസറാണ് ഇപ്പോൾ വൈറലാവുന്നത്. ഒരേ സമയം ചോക്ലേറ്റും വാളും ഉണ്ടാക്കുന്ന വിജയിയാണ് വിഡിയോയിലുള്ളത്. ‘ബ്ലഡി സ്വീറ്റ്’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. നേരത്തെ കമൽ ഹാസൻ ചിത്രം വിക്രത്തിന് വേണ്ടി ലോകേഷ് ഒരുക്കിയ ടൈറ്റിൽ ടീസറും വലിയ ഹിറ്റായി മാറിയിരുന്നു.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പൂജ നടന്നത്. ഇന്ത്യ മുഴുവൻ വലിയ ഹിറ്റായി മാറിയ കമൽ ഹാസന്റെ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് ‘ലിയോ.’ സൂപ്പർ താരം വിജയ് നായകനായെത്തുന്ന ചിത്രം മാസ്റ്ററിന് ശേഷം ലോകേഷും വിജയിയും ഒരുമിക്കുന്ന ചിത്രം കൂടിയാണ്. അതിനാൽ തന്നെ ആരാധകരുടെ ആവേശം വാനോളമാണ്.

Read More: നമുക്ക് അടിച്ചുപൊളിക്കാം..- ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ സംഗീത നിശയിലേക്ക് സംഗീതപ്രേമികളെ ക്ഷണിച്ച് തൈകൂടം ബ്രിഡ്ജ്

നേരത്തെ ചിത്രത്തിൽ വിജയിക്കൊപ്പം അണിനിരക്കുന്ന താരനിരയെ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിൽ അഭിനയിക്കുന്ന ഒന്‍പത് താരങ്ങളെയാണ് നിര്‍മ്മാതാക്കളായ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ പ്രഖ്യാപിച്ചത്. ബോളിവുഡ് സൂപ്പർ താരം സഞ്ജയ് ദത്താണ് ഇക്കൂട്ടത്തിലെ പ്രമുഖൻ. താരം ചിത്രത്തിന്റെ ഭാഗമാവുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇന്നലെയാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. അതോടൊപ്പം സൂപ്പർ താരം അർജുൻ, സംവിധായകർ കൂടിയായ ഗൗതം മേനോൻ, മിഷ്ക്കിൻ എന്നിവരും മലയാളി താരം മാത്യു തോമസും ചിത്രത്തിൽ വിജയിക്കൊപ്പം അണിനിരക്കുന്നുണ്ട്.

Story Highlights: Vijay-lokesh movie title announced