വിജയിക്കും ലോകേഷിനുമൊപ്പം മാത്യു; കശ്മീരിൽ നിന്നുള്ള ഫോട്ടോ ശ്രദ്ധേയമാവുന്നു

February 11, 2023

വലിയ ഹിറ്റായ മാസ്റ്ററിന് ശേഷം നടൻ വിജയിയും ലോകേഷ് കനകരാജും ഒരുമിക്കുന്ന ലിയോയുടെ ചിത്രീകരണം കശ്മീരിൽ തുടങ്ങിയിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു ഫോട്ടോയാണ് വൈറലാവുന്നത്. വിജയ്, ലോകേഷ്, ഗൗതം മേനോൻ എന്നിവർക്കൊപ്പം മലയാള സിനിമ താരം മാത്യു തോമസും ഉള്ള ഫോട്ടോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

അതേ സമയം കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് വിജയിക്കൊപ്പം ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ‘ലിയോ’ എന്ന ടൈറ്റിൽ പ്രഖ്യാപിച്ചതിനൊപ്പം ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പങ്കുവെച്ച ടീസർ വൈറലായി മാറിയിരുന്നു. ഒരേ സമയം ചോക്ലേറ്റും വാളും ഉണ്ടാക്കുന്ന വിജയിയാണ് വിഡിയോയിലുള്ളത്. ‘ബ്ലഡി സ്വീറ്റ്’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. നേരത്തെ കമൽ ഹാസൻ ചിത്രം വിക്രത്തിന് വേണ്ടി ലോകേഷ് ഒരുക്കിയ ടൈറ്റിൽ ടീസറും വലിയ ഹിറ്റായി മാറിയിരുന്നു.

Read More: ഇത് കോഴിക്കോടുകാരുടെ സ്നേഹം; ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ ആദ്യ ഭാഗത്തിന് സമാനതകളില്ലാത്ത വരവേൽപ്പ്, ഇനി രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പ്

നേരത്തെ ചിത്രത്തിൽ വിജയിക്കൊപ്പം അണിനിരക്കുന്ന താരനിരയെ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിൽ അഭിനയിക്കുന്ന ഒന്‍പത് താരങ്ങളെയാണ് നിര്‍മ്മാതാക്കളായ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ പ്രഖ്യാപിച്ചത്. ബോളിവുഡ് സൂപ്പർ താരം സഞ്ജയ് ദത്താണ് ഇക്കൂട്ടത്തിലെ പ്രമുഖൻ. താരം ചിത്രത്തിന്റെ ഭാഗമാവുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇന്നലെയാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. അതോടൊപ്പം സൂപ്പർ താരം അർജുൻ, സംവിധായകർ കൂടിയായ ഗൗതം മേനോൻ, മിഷ്ക്കിൻ എന്നിവരും മലയാളി താരം മാത്യു തോമസും ചിത്രത്തിൽ വിജയിക്കൊപ്പം അണിനിരക്കുന്നുണ്ട്.

Story Highlights: Photo from leo set goes viral