കണ്ടുപിടുത്തം അപാരം, പക്ഷെ അനുകരിക്കരുത്; സോഷ്യൽ മീഡിയയിൽ ഹിറ്റായി ഒരു ബൈക്ക്, വീഡിയോ
പ്രളയവും വെള്ളപൊക്കവുമൊക്കെ വരുമ്പോൾ പലരും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് വണ്ടിയുടെ എഞ്ചിനകത്തും മറ്റും വെള്ളം കയറുന്നത്. ഇതോടെ ചെറിയ വെള്ളം ഉള്ള സ്ഥലങ്ങളിൽ വരെ ഇരു ചക്ര വാഹനങ്ങൾ ഉൾപ്പടെയുള്ളവ ഓടിക്കാൻ കഴിയാതെവരും. എന്നാൽ വെള്ളമുള്ള സ്ഥലങ്ങളിലൂടെ ഇരുചക്ര വാഹനം ഓടിക്കാൻ ഒരു എളുപ്പ മാർഗം കണ്ടെത്തിയ യുവാക്കളുടെ ചിത്രങ്ങളും വിഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കഴുത്തറ്റം വെള്ളം ഉള്ള സ്ഥലങ്ങളിലൂടെ ബൈക്ക് ഓടിച്ച് പോകുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. എക്സ്ഹോസ്റ്റ് പൈപ്പും പെട്രോൾ ടാങ്കുമൊക്കെ വെള്ളം കയറാതെ വണ്ടിയുടെ മുകൾ ഭാഗത്ത് ക്രമീകരിച്ച രീതിയിലാണ് ചിത്രത്തിൽ കാണുന്നത്. ഇത് എവിടെയാണ് എന്ന് വ്യക്തമല്ലെങ്കിലും വെള്ളം കയറുന്ന സ്ഥലങ്ങളിൽ അത്യാവശ്യ യാത്രകൾക്കായി ഈ മാർഗം പരീക്ഷിക്കാം എന്ന പേരിലാണ് ഈ ചിത്രങ്ങൾ വൈറലാകുന്നത്.
സാധാരണ ഒരു ബൈക്കിൽ കുറച്ച് വ്യത്യാസങ്ങൾ വരുത്തിയാണ് വെള്ളത്തിൽ കൂടി ഓടിക്കുന്ന നിലയിലേക്ക് ബൈക്ക് മാറ്റിയിരിക്കുന്നത്. എക്സ്ഹോസ്റ്റ് പൈപ്പിൽ നിന്ന് ഒരു എക്സ്ട്രാ ഫിറ്റിങ്സ് പൈപ്പ് കൂടി വെച്ചു ഇതോടെ ഇതിനകത്ത് വെള്ളം കയറുക എന്ന സാധ്യത ഇല്ലാതാക്കി. പെട്രോൾ ടാങ്ക് എടുത്ത് മാറ്റിയശേഷം അതിന് പകരമായി ഒരു കുപ്പിയിൽ പെട്രോൾ നിറച്ച് അത് വണ്ടിയുടെ മുകളിൽ വെച്ചു. ഇതോടെ വാഹനം വെള്ളത്തിലൂടെ ഓടിക്കാവുന്ന രീതിയിലുമായി.
അതേസമയം സമൂഹമാധ്യമങ്ങളിൽ വൈറലായ ഈ വീഡിയോയ്ക്ക് നിരവധി നെഗറ്റീവ് കമന്റുകളും വരുന്നുണ്ട്. ഇത് അനുകരിക്കരുത് എന്നും പെട്രോൾ കുപ്പി വാഹനത്തിന്റെ മുകളിൽ ഫിറ്റ് ചെയ്യുന്നത് അപകടം വിളിച്ചുവരുത്തും എന്ന തരത്തിലും കമന്റുകൾ വരുന്നുണ്ട്. ഏതായാലും സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു ഈ അത്യാധുനിക സംവിധാനങ്ങളോടെ ഒരുക്കിയ ബൈക്ക്.
Story Highlights:Social media viral bike