അണ്‍ലോക്ക് നാലാം ഘട്ടം പ്രഖ്യാപിച്ചു- വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞു കിടക്കും; പൊതുയോഗങ്ങൾക്ക് അനുമതി

August 29, 2020

അൺലോക്ക് നാലാംഘട്ടത്തിനായുള്ള മാർഗ നിർദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. സെപ്റ്റംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന അൺലോക്ക് നാലാംഘട്ടത്തിൽ സ്‌കൂളുകളും കോളേജുകളും അടഞ്ഞു തന്നെ തുടരും. എന്നാൽ പ്രത്യേക പ്രോട്ടോകോൾ അനുസരിച്ച് മെട്രോ സർവീസ് ആരംഭിക്കും. സെപ്റ്റംബർ ഏഴു മുതലാണ് മെട്രോ സർവീസ് ആരംഭിക്കുന്നത്.

സാംസ്‌കാരിക, കായിക, വിനോദ, സാമൂഹിക, ആത്മീയ, രാഷ്ട്രീയ യോഗങ്ങൾക്ക് നാലാംഘട്ടത്തിൽ അനുമതിയുണ്ട്. പരമാവധി മൂറുപേർക്ക് വരെ പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കും. പങ്കെടുക്കുന്ന എല്ലാവരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ഹാൻഡ് വാഷും സാനിറ്റൈസറും തെർമൽ സ്കാനിങ്ങും ഇത്തരം പരിപാടികളിൽ നിർബന്ധമായും ഉണ്ടാകണം.

അതേസമയം, സെപ്റ്റംബർ 21 മുതൽ ഓപ്പൺ തിയേറ്ററുകൾക്ക് അനുമതിയുണ്ട്. സിനിമാ തിയേറ്ററുകളുടെ നിയന്ത്രണം തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ സെപ്റ്റംബർ 30 വരെ അടഞ്ഞു കിടക്കും. ഓൺലൈൻ ക്ലാസ് നടത്തുന്നതിനായി 50 ശതമാനം അധ്യാപകർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോകാൻ അനുവദിക്കും.

ദേശീയ നൈപുണ്യ പരിശീലന കേന്ദ്രം, ഐടിഐകള്‍, ഹ്രസ്വകാല പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങിയ തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ എന്നിവ തുറക്കാൻ അനുമതി നല്‍കി. ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങളിലെ പിജി-ഗവേഷക വിദ്യാത്ഥികള്‍ക്ക് ലാബുകളിലും പരിശീലനകേന്ദ്രങ്ങളിലും പ്രവേശനം അനുവദിച്ചു.

സംസ്‌ഥാനത്തിനകത്തും സംസ്ഥാനത്തിന് പുറത്തേക്കുമുള്ള യാത്രകൾക്ക് ഒരു തരത്തിലുള്ള നിയന്ത്രണവും ഉണ്ടാക്കില്ല. അതിനായി പ്രത്യേക പെർമിറ്റ് ഏർപ്പെടുത്താൻ പാടില്ലെന്നും മാർഗ നിർദേശത്തിൽ പറയുന്നു. പത്തുവയസിനു താഴെയുള്ളവർക്കും 65 വയസിന് മുകളിലേക്കുള്ളവർക്കും യാത്ര വിലക്ക് തുടരും.

Story highlights- unlock 4.0 declared in india